പന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 8 മുതൽ ആരംഭിക്കും

featured UAE

പന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 8 മുതൽ ആരംഭിക്കും. ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ വർണോത്സവം ഷാർജയിൽ 13 ഇടങ്ങളിലായാണ് ഒരുക്കുന്നത്.

2023 ഫെബ്രുവരി 8 മുതൽ 19 വരെയാണ് ഇത്തവണത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ തീയതികളും, വേദികളും വ്യക്തമാക്കിക്കൊണ്ട് സംഘാടകർ ഒരു ലഘുലേഖ പുറത്തിറക്കിയിട്ടുണ്ട്.

പി ഡി എഫ് രൂപത്തിലുള്ള ഈ ലഘുലേഖ https://www.sharjahlightfestival.ae/media/1445/totems-light-box-compressed.pdf എന്ന വിലാസത്തിൽ ലഭ്യമാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തരായ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിൽ ഇത്തവണ ശാസ്ത്രം, സര്‍ഗ്ഗവൈഭവം, പൈതൃകം എന്നിവയെക്കുറിക്കുന്ന പ്രകാശാലങ്കാരങ്ങൾ, സംഗീതപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

യൂണിവേഴ്സിറ്റി സിറ്റി ഹാൾ, അൽ നൂർ മോസ്‌ക്, ഖാലിദ് ലഗൂൺ, ഷാർജ മോസ്‌ക്, അൽ മജാസ് വാട്ടർഫ്രന്റ്, ഷാർജ ഫോർട്ട് (അൽ ഹിസ്ൻ ഫോർട്ട്), അൽ ഹംരിയ മുനിസിപ്പാലിറ്റി ബിൽഡിങ്ങ്, അൽ ദൈദ് ഫോർട്ട്, ഖോർഫക്കാനിലെ അൽ റഫിസാഹ് ഡാം, കൽബ ക്ലോക്ക് ടവർ, ദിബ്ബ അൽ ഹിസ്നിലെ ഷെയ്ഖ് റാഷിദ് ബിൻ അഹ്‌മദ്‌ അൽ ഖസ്സിമി മോസ്‌ക്, BEEAH ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി വർണ്ണകാഴ്ചകൾ ഒരുങ്ങുന്നത്.

എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് ആസ്വദിക്കാനാകുന്ന രീതിയിലായിരിക്കും ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി എമിറേറ്റിലെ പ്രധാന ഇടങ്ങളെ അണിയിച്ചൊരുക്കുന്നത്. ഞായർ മുതൽ ബുധൻ വരെയുള്ള ദിനങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 11 മണിവരെയും, വ്യാഴം, വെള്ളി, ശനി ദിനങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 12 മണിവരെയും ഈ ദീപാലങ്കാരകാഴ്ചകൾ ആസ്വദിക്കാവുന്നതാണ്.

ഇതിന്റെ ഭാഗമായുള്ള ലൈറ്റ് വില്ലേജിലേക്ക് ഞായർ മുതൽ ബുധൻ വരെയുള്ള ദിനങ്ങളിൽ വൈകീട്ട് 4 മുതൽ രാത്രി 12 മണിവരെയും, വ്യാഴം, വെള്ളി, ശനി ദിനങ്ങളിൽ വൈകീട്ട് 4 മുതൽ രാത്രി 1 മണിവരെയും പ്രവേശനം അനുവദിക്കുന്നതാണ്. ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ കൂടുതൽ വിവരങ്ങൾ https://www.sharjahlightfestival.ae/ എന്ന വിലാസത്തിൽ ലഭ്യമാണ്.

Cover Image: sharjahlightfestival.ae