ഷാർജ: സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ നിവാരണനടപടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി

GCC News

പൊതുസമൂഹത്തിൽ വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ മുൻകൂട്ടി കൈകൊണ്ടിട്ടുള്ള നിവാരണനടപടികള്‍ നടപ്പിലാക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഷാർജ പോലീസ് ചൂണ്ടിക്കാട്ടി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഷാർജ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ഷംസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ആരംഭിച്ചിട്ടുള്ള ‘ബി അവെയർ’ പ്ലാറ്റ്ഫോം സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇലക്ട്രോണിക് ബ്ലാക്ക്മെയിൽ, മറ്റു വിവിധ തരം ഡിജിറ്റൽ തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ച് പൊതുസമൂഹത്തിന് ബോധവത്കരണം നൽകുന്നതിനായാണ് ‘ബി അവെയർ’ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് കൊണ്ട് സിനിമ സ്‌ക്രീനുകളിൽ ബോധവത്കരണ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഫോക്സ് സിനിമയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ നിവാരണനടപടികള്‍ക്കുള്ള പ്രാധാന്യം എടുത്ത് കാട്ടുന്നതിനായാണ് ഇത്തരം ഒരു ബോധവത്കരണ പരിപാടി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി അടുത്ത ഘട്ടത്തിൽ എമിറേറ്റിലെ സ്‌കൂളുകളിലേക്കും, യൂണിവേഴ്സിറ്റികളിലേക്കും വ്യാപിപ്പിക്കുന്നതാണ്.

സൈബർ തട്ടിപ്പുകൾ, ഡിജിറ്റൽ ബ്ലാക്ക്മെയിലിങ്ങ് മുതലായവ പൊതുജനങ്ങൾക്ക് 0559992158 അല്ലെങ്കിൽ 065943228 എന്നീ ഫോൺ നമ്പറുകൾ ഉപയോഗിച്ചോ, 999 എന്ന എമെർജൻസി നമ്പറിലൂടെയോ, https://www.shjpolice.gov.ae/ എന്ന ഷാർജ പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

WAM