എമിറേറ്റിലെ വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് ഒരു സ്മാർട്ട് ആപ്പ് പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റഫീദ് ഓട്ടോമോട്ടീവ് സൊല്യൂഷനുമായി ചേർന്നാണ് ഷാർജ പോലീസ് ഈ സ്മാർട്ട് ആപ്പ് സംവിധാനം പുറത്തിറക്കിയിരിക്കുന്നത്. വാഹനങ്ങളുടെ സാങ്കേതിക പരിശോധന, റിമോട്ട് റിന്യൂവൽ എന്നീ നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഈ ആപ്പ് സഹായകമാകുന്നതാണ്.
ഷാർജ നമ്പർ പ്ലേറ്റുകളുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സേവനം ഉപയോഗിക്കാനാകുന്നത്. എട്ട് വർഷത്തിൽ താഴെ പഴക്കമുള്ളതും, കഴിഞ്ഞ 18 മാസങ്ങൾക്കുള്ളിൽ സാങ്കേതിക പരിശോധനകൾ നടത്തിയിട്ടുള്ളതുമായ സ്വകാര്യ വാഹനങ്ങൾക്ക് റഫീദ് ആപ്പ് ഉപയോഗിക്കാവുന്നതാണ്.
ഈ ആപ്പിലെ ‘റിമോട്ട് ഇൻസ്പെക്ഷൻ’ എന്ന സംവിധാനം ഉപയോഗിച്ച് കൊണ്ട് വാഹനങ്ങൾക്ക് അപകടങ്ങൾ കൊണ്ടുള്ള കേടുപാടുകളൊന്നും തന്നെയില്ല എന്ന് തെളിയിക്കുന്നതിനുള്ള വിവിധ ഫോട്ടോകൾ ഉപഭോക്താക്കൾക്ക് അപ്ലോഡ് ചെയ്യുന്നതിനും സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും സാധിക്കുന്നതാണ്. വാഹനങ്ങൾ പരിശോധിക്കുന്നതിനുള്ള ഇൻസ്പെക്ഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുന്നതിന് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
WAM