വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

UAE

എമിറേറ്റിലെ റോഡുകളിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ ജനുവരി 5 മുതൽ ഷാർജ പോലീസ് ആരംഭിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് ഡ്രൈവർമാരിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഈ പ്രചാരണ പരിപാടികൾ ഒരു മാസം നീണ്ട് നിൽക്കും.

“നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം.” എന്ന ആശയം പ്രചരിപ്പിക്കുന്ന ഈ ബോധവത്‌കരണ പരിപാടിയിലൂടെ എമിറേറ്റിലുടനീളം റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനാണ് ഷാർജ പോലീസ് ശ്രമിക്കുന്നത്. റോഡിലെ അച്ചടക്കമില്ലാത്ത രീതിയിലുള്ള ഡ്രൈവിംഗ് ശൈലികൾ നിയന്ത്രിക്കുന്നതിനും, മരണങ്ങൾക്കിടയാക്കുന്ന അപകടങ്ങൾ തടയുന്നതിനുമായി എമിറേറ്റിലെ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും, കാൽനടക്കാർക്കും രാജ്യത്തെ റോഡുകൾ ആഗോളതലത്തിലെ ഏറ്റവും സുരക്ഷിതമായതാക്കുക, എന്ന യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഈ വർഷം 12 ട്രാഫിക് പ്രചാരണ പരിപാടികളാണ് ഷാർജ പോലീസ് എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഈ ബോധവത്കരണ പരിപാടികളുമായി ഡ്രൈവർമാരും, കാൽനടക്കാരും ഉൾപ്പടെയുള്ള പൊതുജനങ്ങൾ സഹകരിച്ചാൽ മാത്രമേ ഉദ്ദേശിക്കുന്ന സുരക്ഷ കൈവരിക്കുന്നതിന് സാധിക്കൂ എന്ന് ഷാർജ പോലീസ് ട്രാഫിക്ക് ബോധവത്കരണ വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ സൗദ് അൽ ഷൈബ വ്യക്തമാക്കി.

ഈ ബോധവത്‌കരണ പരിപാടി ഡിജിറ്റൽ മാധ്യമങ്ങളിലൂടെയാണ് നടത്തുന്നത്. കാൽനടക്കാരെയും, ഡ്രൈവർമാരെയും റോഡ് സുരക്ഷയുടെ പാഠങ്ങൾ ഓർമ്മപ്പെടുത്തുന്നതിനായി അറബിക്, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ വിവിധ ഭാഷകളിലുള്ള സന്ദേശങ്ങൾ ഈ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഷാർജ പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കുന്നതാണ്. ശ്രദ്ധ, സീറ്റ്ബെൽറ്റുകളുടെ ഉപയോഗം മുതലായവ പാലിക്കാനും, വാഹനങ്ങൾ ഉപയോഗിക്കുന്ന സമയം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും അദ്ദേഹം ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു. റോഡ് മുറിച്ച് കടക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഇടങ്ങളിലൂടെ മാത്രം റോഡ് മുറിച്ച് കടക്കാൻ അദ്ദേഹം കാൽനടക്കാരെ ഓർമ്മപ്പെടുത്തി.