എമിറേറ്റിൽ നടക്കുന്ന വാഹനാപകട മരണങ്ങളിൽ 2024-ൽ 24% കുറവ് രേഖപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023-നെ അപേക്ഷിച്ച് 2024-ൽ വാഹനാപകട മരണനിരക്ക് 24% കുറഞ്ഞതായും, മരണനിരക്ക് 100,000 പേരിൽ 1.76 മരണം എന്ന നില കൈവരിച്ചതായും ഷാർജ പോലീസ് ചൂണ്ടിക്കാട്ടി. ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പും സുരക്ഷാ മാധ്യമ വകുപ്പും നടപ്പിലാക്കിയ മുൻകരുതൽ നടപടികളാണ് ഈ വിജയത്തിന് കാരണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അതിലൂടെ അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ഷാർജ പോലീസ് നടപ്പിലാക്കുന്ന നടപടികളുടെ സഫലതയാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ പാർക്കിംഗ്, അമിതവേഗം തുടങ്ങിയ അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങൾക്കെതിരെയും, കാല്‍നടയാത്രികരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അലക്ഷ്യമായുള്ള റോഡ് മുറിച്ച് കടക്കൽ ഉൾപ്പടെയുള്ള ശീലങ്ങൾക്കെതിരെയും അവബോധം വളർത്തുന്നതിനായി ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പും സുരക്ഷാ മാധ്യമ വകുപ്പും ചേർന്ന് 12 പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടികൾ എമിറേറ്റിലുടനീളം ഏകദേശം 905,895 വ്യക്തികളിലേക്ക് എത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
WAM