എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം രണ്ടാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ചതായി ഷാർജയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ടീം, ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) എന്നിവർ സംയുക്തമായി അറിയിച്ചു. ഈ തീരുമാന പ്രകാരം, ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സെപ്റ്റംബർ 24, വ്യാഴാഴ്ച്ച വരെ വിദൂര രീതിയിലുള്ള അധ്യയനം നടപ്പിലാക്കുന്നതാണ്. COVID-19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
യു എ ഇയിലെ മറ്റു എമിറേറ്റുകളിലെ പോലെ ഓഗസ്റ്റ് 30 മുതൽ ഷാർജയിലും പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 12 വരെയുള്ള ആദ്യ രണ്ട് ആഴ്ചകളിൽ എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെയായിരിക്കും അധ്യയനം നൽകുന്നതെന്നും, സെപ്റ്റംബർ 13 മുതൽ വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുമെന്നും SPEA പിന്നീട് വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത ശേഷം ഈ തീരുമാനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ (സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 24 വരെ) തീരുമാനിച്ചതായി SPEA സെപ്റ്റംബർ 8-നു അറിയിക്കുകയായിരുന്നു.
എമിറേറ്റിലെ ആരോഗ്യ മേഖലയിലെ സാഹചര്യങ്ങൾ കൃത്യമായി വിശകലനം ചെയ്ത ശേഷമാണ് SPEA ഇത്തരം ഒരു തീരുമാനം കൈകൊണ്ടിട്ടുള്ളത്. നിലവിൽ എമിറേറ്റിലെ വിദ്യാലയങ്ങളിലെ അധ്യാപകർ, ജീവനക്കാർ, ആദ്യ ഘട്ടത്തിൽ വിദ്യാലയങ്ങളിലേക്ക് പ്രവേശനം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ എന്നിവർക്കിടയിൽ COVID-19 ടെസ്റ്റിംഗ് നടത്തുന്ന നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.