അബുദാബിയിലെയും, ഫുജൈറയിലെയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കുകൾ ഇന്ന് (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് മിനിസ്ട്രി ഓഫ് പ്രസിഡൻഷ്യൽ അഫയേഴ്സ് അറിയിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയുമായി (NCEMA) കൂടിയാലോചിച്ച ശേഷമാണ് ഇവ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചത്.
ഞായറാഴ്ച്ച മുതൽ അബുദാബിയിലെ ഫൗണ്ടേഴ്സ് മെമ്മോറിയലിലേക്കും സന്ദർശകർക്കുള്ള പ്രവേശനം പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇവിടങ്ങളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. യു എ ഇയിലെ കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ മാസങ്ങളായി ഇവിടേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
സംരക്ഷണം ഉറപ്പാക്കുന്നതിനായി, പ്രതിദിനം അനുവദിക്കുന്ന പരമാവധി സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി തെർമൽ ക്യാമറാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർ ഒത്തുചേരുന്നത് ഒഴിവാക്കുന്നതിനും, സമൂഹ അകലം ഉറപ്പാക്കുന്നതിനുമായുള്ള സംവിധാനങ്ങളും ഇവിടെ നടപ്പാക്കിയിട്ടുണ്ട്. സന്ദർശകർക്ക് മാസ്കുകൾ നിർബന്ധമാണ്.