ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചതായി ജനറൽ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു. ടെർമിനൽ 3-ൽ നിന്ന് യാത്രയാകുന്ന സഞ്ചാരികൾക്ക് സ്‍മാർട്ട് ഗേറ്റിലൂടെ പാസ്പോർട്ട് സ്കാൻ ചെയ്തുകൊണ്ട് യാത്രാ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി അധികൃതർ നടപ്പിലാക്കുന്ന COVID-19 മുൻകരുതൽ നടപടികളുടെ ഭാഗമാണ് സ്മാർട്ട് ഗേറ്റ് സംവിധാനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനം.
“സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ പുനരാരംഭിക്കുന്നതോടെ യാത്രാ നടപടികൾ കൂടുതൽ ലളിതമാകുന്നതാണ്. നിലവിലെ സാഹചര്യത്തിൽ, യാത്ര നടപടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കിക്കൊണ്ട് സുരക്ഷിതമായി പൂർത്തിയാക്കുന്നതിനു ഏറ്റവും അനുയോജ്യമായ മാർഗമാണ് സ്മാർട്ട് ഗേറ്റ് സംവിധാനം.”, ഇവയുടെ പ്രവർത്തനം പുനരാരംഭിച്ചത് അറിയിച്ച് കൊണ്ട് GDRFA ഡയറക്ടർ ജനറൽ H.E. മേജർ ജനറൽ മുഹമ്മദ് അൽ മാരി വ്യക്തമാക്കി.
ദുബായിൽ നിന്നുള്ള യാത്രികർക്ക് ആത്മവിശ്വാസത്തോടെ യാത്ര ചെയ്യുന്നതിന് ഈ സംവിധാനം അവസരം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രികർ, ജീവനക്കാർ മുതലായി വിമാനത്താവളത്തിലെത്തുന്ന എല്ലാവരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ GDRFA തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനു ശേഷം യാത്രികരുടെ എണ്ണത്തിൽ ദിനം പ്രതി വർദ്ധനവ് രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മേഖലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവ് പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.