2022 മാർച്ച് 31-ന് അവസാനിച്ച എക്സ്പോ 2020 ദുബായ് ലോക എക്സ്പോ സംബന്ധിച്ച കൗതുകകരമായ ഏതാനം വസ്തുതകൾ ദുബായ് മീഡിയ ഓഫീസ് പങ്ക് വെച്ചു. ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തിയ എക്സ്പോ 2020 ദുബായ് 182 ദിവസത്തിനിടയിൽ ഏതാണ്ട് 24 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി ഈ പ്രത്യേക അറിയിപ്പിലൂടെ ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
“182 ദിവസത്തിനിടയിൽ 24 ദശലക്ഷത്തിലധികം സന്ദർശകർ, മുപ്പതിനായിരത്തോളം സന്നദ്ധപ്രവർത്തകർ, 30 ദശലക്ഷത്തോളം പ്രവർത്തന മണിക്കൂറുകൾ.”, ദുബായ് മീഡിയ ഓഫീസ് പങ്ക് വെച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു. 192 രാജ്യങ്ങൾ പങ്കെടുത്ത എക്സ്പോ 2020 ദുബായ് 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ ആറ് മാസം നീണ്ട് നിൽക്കുന്ന രീതിയിലാണ് സംഘടിപ്പിക്കപ്പെട്ടത്.
സന്ദർശനങ്ങൾ സംബന്ധിച്ച ശ്രദ്ധേയമായ വസ്തുതകൾ:
- ഇന്ത്യ, ജർമ്മനി, സൗദി അറേബ്യ, യു കെ, റഷ്യ, ഫ്രാൻസ്, യു എസ് എ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത്.
- ആകെ സന്ദർശകരുടെ 30.3 ശതമാനത്തോളം പേർ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരാണ്.
- കുട്ടികളുടെ പങ്കാളിത്തം കൊണ്ടും എക്സ്പോ 2020 ദുബായ് ശ്രദ്ധ നേടി. ലോക എക്സ്പോ സന്ദർശിച്ച ഓരോ അഞ്ച് സന്ദർശകരിൽ ഒരാൾ വീതം കുട്ടികളായിരുന്നു.
- എക്സ്പോ 2020 ദുബായ് സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുടെ പ്രായം: 30 ദിവസം.
- എക്സ്പോ 2020 ദുബായ് സന്ദർശിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ പ്രായം: 98 വയസ്.
- വിർച്യുൽ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദർശിച്ചവർ: 248 ദശലക്ഷം സന്ദർശനങ്ങൾ.
സംഘാടനം സംബന്ധിച്ച ശ്രദ്ധേയമായ വസ്തുതകൾ:
- എക്സ്പോ 2020 ദുബായ് വേദിയിൽ ആകെ 35276 പരിപാടികളാണ് 182 ദിവസത്തിനിടയിൽ സംഘടിപ്പിച്ചത്.
- എക്സ്പോ വേദി 195 ദേശീയ ദിനങ്ങൾക്കും, പ്രത്യേക ആചാരണ ദിനാഘോഷങ്ങൾക്കും സാക്ഷ്യം വഹിച്ചു.
- മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (MEASA) മേഖലയിൽ നടന്ന ആദ്യത്തെ ലോക എക്‌സ്‌പോയാണ് എക്സ്പോ 2020 ദുബായ്.
- ‘ഒരു രാജ്യം, ഒരു പവലിയൻ’ എന്ന നയപ്രകാരമാണ് എക്സ്പോ 2020 ദുബായ് സംഘടിപ്പിക്കപ്പെട്ടത്. ഇതിനാൽ എക്സ്പോയിൽ പങ്കെടുത്ത ഓരോ രാജ്യത്തിനും അവരവരുടേതായ പ്രത്യേക പവലിയനുകൾ ഉണ്ടായിരുന്നു. എല്ലാ രാജ്യങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള പങ്കാളിത്തം ഉറപ്പ് വരുത്താൻ ഈ നയം സഹായകമായി.
- ആഫ്രിക്കൻ യൂണിയൻ ഉൾപ്പടെ എല്ലാ ആഫ്രിക്കൻ രാജ്യങ്ങളും പങ്കെടുക്കുന്ന ആദ്യ ലോക എക്സ്പോ എന്ന പ്രത്യേകത.
- ഒരു മേളയിലെ തൊഴിൽ മേഖലയിൽ ലിംഗ സമത്വം ഉറപ്പ് വരുത്തിയതിന് ജൻഡർ ഈക്വാളിറ്റി യൂറോപ്യൻ ആൻഡ് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് (GEEIS) സംഗീകാരം ലഭിക്കുന്ന ആദ്യ ലോക എക്സ്പോ. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ സ്ത്രീകൾക്കായി ഒരു പ്രത്യേക പവലിയൻ ഒരുക്കിയ ആദ്യ ലോക എക്സ്പോ.
- ഇതുവരെ സംഘടിപ്പിക്കപ്പെട്ടതിൽ ഏറ്റവും കൂടുതൽ സുസ്ഥിരമായ മൂല്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ലോക എക്സ്പോ എന്ന നേട്ടം.
- 135 രാജ്യങ്ങളിൽ നിന്നുള്ള 30000 സന്നദ്ധപ്രവർത്തകർ ചേർന്ന് എക്സ്പോ വേദിയിൽ ഒരു മില്യണിലധികം മണിക്കൂർ സേവനം ഉറപ്പ് വരുത്തി.
- സുസ്ഥിരത, ചലനാത്മകത, അവസരങ്ങൾ എന്നീ മൂന്ന് തത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലാണ് എക്സ്പോ 2020 ദുബായ് മേള ഒരുക്കിയിരുന്നത്.
- സുസ്ഥിരതയ്ക്കുള്ള യു എ ഇയുടെയും, എക്സ്പോ 2020-യുടെയും പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്നതിനായി ഒരുക്കിയ ടെറ എന്ന സുസ്ഥിരത പവലിയൻ ഏതാണ്ട് 1.8 ദശലക്ഷം സന്ദർശകരെ ആകർഷിച്ചു. സന്ദർശകരുടെ ഉപഭോഗ മാനസികാവസ്ഥ മാറ്റാനും, പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനും ഈ പവലിയൻ ഊന്നൽ നൽകിയിരുന്നു.
- ചലനാത്മകതയിലടിസ്ഥാനപ്പെടുത്തി ഒരുക്കിയ അലിഫ് എന്ന മൊബിലിറ്റി പവലിയൻ ഏതാണ്ട് 1.3 ദശലക്ഷം സന്ദർശകരെ ആകർഷിച്ചു.
- അവസരങ്ങൾ ചൂണ്ടിക്കാട്ടുന്ന മിഷൻ പോസ്സിബിൾ എന്ന ഓപ്പർച്യൂണിറ്റി പവലിയൻ ഏതാണ്ട് 1.4 ദശലക്ഷം സന്ദർശകരെ ആകർഷിച്ചു.