ജൂൺ 1 മുതൽ അബുദാബിയിലെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അബുദാബിയിൽ നടപ്പിലാക്കി വരുന്ന നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിനനുസൃതമായാണ് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയും, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തും ചേർന്ന് കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
ഈ തീരുമാനത്തിന്റെ ഭാഗമായി ഷോപ്പിംഗ് മാളുകളിലും, മാളുകളിൽ പ്രവർത്തിക്കുന്ന റെസ്റ്ററാൻറ്റുകളിലും പരമാവധി ശേഷിയുടെ 40 ശതമാനം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് നിയന്ത്രണങ്ങളിൽ ഇത്തരത്തിൽ ഇളവുകൾ അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ടലുകളുടെ ബീച്ചുകൾ, മാളുകൾക്ക് പുറത്തുള്ള റെസ്റ്ററാൻറ്റുകൾ, മ്യൂസിയങ്ങൾ മുതലായവയും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇവയിലും പരമാവധി ശേഷിയുടെ 40 ശതമാനം ഉപഭോക്താക്കൾക്കാണ് പ്രവേശനാനുമതി നൽകുക. പൊതു ബീച്ചുകൾ ഈ ഘട്ടത്തിൽ തുറന്ന് കൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
തുറസ്സായ ഇടങ്ങളിലും, കായിക കേന്ദ്രങ്ങളിലും കായിക പരിശീലനം നടത്തുന്നതിനും ജൂൺ 1 മുതൽ അനുവാദം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുതിരയോട്ടം, സൈക്ലിംഗ്, ഗോൾഫ്, ക്രിക്കറ്റ്, സെയ്‌ലിംഗ്, ടെന്നീസ് മുതലായ കായിക ഇനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി പരിശീലിക്കാവുന്നതാണ്. 12 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്കാണ് ഈ അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നതിനു മുൻപായി കായിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാർക്കും COVID-19 പരിശോധനകൾ നിർബന്ധമാണ്. കായിക കേന്ദ്രങ്ങളുടെ കവാടങ്ങളിൽ തെർമൽ സ്‌ക്രീനിങ്ങ് ഉപകരണങ്ങൾ ഘടപ്പിക്കണമെന്നും, പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് മാത്രമായി പരിശീലനങ്ങൾ ചുരുക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.