രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 23, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, 2024 ഏപ്രിൽ 20 മുതൽ ഏപ്രിൽ 23 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇത് പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും, വെള്ളത്തിന്റെ കുത്തൊഴുക്കിനും കരണമാകാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതോടൊപ്പം ശക്തമായ കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്ക്കും സാധ്യതയുണ്ട്. മക്ക, റിയാദ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ജിസാൻ, നജ്റാൻ, അസീർ, അൽ ബാഹ മുതലായ മേഖലകളിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്.
രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ അതിർത്തിമേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, താഴ്വരകൾ സന്ദർശിക്കരുതെന്നും, ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.