പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗ്രാമീണമേഖലയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്റെ കാമ്പെയിനിന്റെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും. മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് തിങ്കളാഴ്ച 1344 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 16 പേർക്കെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്തു.
കണ്ടെയിൻമെന്റ് മേഖലകളിൽ ഒഴികെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നിർത്തലാക്കും. എന്നാൽ, അത്യാവശ്യകാര്യങ്ങൾക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും പൊലീസ് പാസ് വാങ്ങണം. ഹോട്ടലിലും മറ്റും നിന്ന് രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്സലായി വാങ്ങാൻ അനുവാദം നൽകി.
കോവിഡ് 19 ബാധയുണ്ടെന്ന് വ്യക്തമായിട്ടും അത് മറച്ചുവെച്ച് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുകയും അസുഖബാധ അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്നു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്താൻ പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിയിൽ ഉള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ചുകൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു.