കണ്ണൂർ ജില്ലയിൽ കൂടുതൽ ശക്തമായ ഇടപെടലുണ്ടാവും

Kerala News

കണ്ണൂർ അടക്കം നാലു ജില്ലകൾ റെഡ് സോണിലാണെന്നും മേയ് മൂന്നു വരെ ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കൂടുതൽ രോഗികളുള്ള കണ്ണൂരിൽ 104 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഒരു വീട്ടിലെ പത്തു പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയിൽ വലിയ പരിശോധന നടത്താനാണ് തീരുമാനിച്ചത്. ഹൈറിസ്‌ക്ക് കോണ്ടാക്ടുകളുടെ മുഴുവൻ സാമ്പിൾ പരിശോധിക്കാൻ നടപടിയെടുത്തു. 53 പേർ കണ്ണൂരിൽ മാത്രം ചികിത്‌സയിലുണ്ട്.

പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ കണ്ണൂരിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ റോഡുകളിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു പോലീസ് പരിശോധനയ്‌ക്കെങ്കിലും വിധേയമാവുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

തദ്ദേശസ്ഥാപന പരിധിയിലുള്ള ഹോട്ട്‌സ്‌പോട്ടുകൾ സീൽ ചെയ്തു. ഇവിടങ്ങളിൽ ചുരുക്കം മെഡിക്കൽ ഷോപ്പുകൾ മാത്രം പ്രവർത്തിക്കും. അവശ്യവസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കാൻ തദ്ദേശസ്ഥാപന പരിധിയിൽ കാൾ സെന്ററുകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.