സ്നേഹമഴ പെയ്‌തു തോർന്നു; പ്രശസ്ത കവയത്രി സുഗതകുമാരിയ്ക്ക് അന്ത്യാഞ്ജലി

Kerala News

പ്രകൃതിയുടെ പ്രാധാന്യം മലയാളത്തിന് മനസ്സിലാക്കിത്തന്ന പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. COVID-19 രോഗബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു അന്ത്യം.

കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന്കാവല്‍ തുടങ്ങി ധാരാളം കൃതികള്‍ മലയാളത്തിന് സമ്മാനിച്ചവയിൽ ഉൾപ്പെടുന്നു.

ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കുവേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കുവേണ്ടി…

കുട്ടികളിൽ പോലും പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന ഈ വരികൾ ഈ സമയം നമ്മളിൽ ഓരോരുത്തരുടെ മനസ്സിലും പ്രകൃതിയെ കുറിച്ച് ആ അമ്മയിലുള്ള വേദനയും പ്രതീക്ഷയും ഓർത്തെടുക്കാൻ സഹായിക്കുന്നു.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം, ബാലസാഹിത്യത്തിനു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്കി സാഹിത്യസാംസ്‌കാരികലോകം ആദരിച്ചിട്ടുണ്ട്. വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധന്‍ നായരായിരുന്നു ഭര്‍ത്താവ്. ലക്ഷ്മി ഏകമകളാണ്.

Cover Photo: Navaneeth Krishnan S