ഒമാനിൽ ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർധനവിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ പൗരന്മാരുടെ ഇടയിൽ രോഗബാധ വർധിക്കുന്നതും, ഉയരുന്ന മരണ സംഖ്യകളും, ഐ സി യു കേസുകളിലെ വർധനവും ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് ജൂൺ 30, ചൊവ്വാഴ്ച്ച സുപ്രീം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നടന്ന COVID-19 പ്രതിരോധ നടപടികളെക്കുറിച്ചുള്ള ചർച്ചയിലാണ് സുപ്രീം കമ്മിറ്റി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഇപ്പോഴും പലരും വീഴ്ചകൾ തുടരുന്നതായും സുപ്രീം കമ്മിറ്റി അറിയിച്ചു.
ഇത്തരം ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങൾ രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് കൂട്ടിയതായും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ നിവാസികളോടും സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം എന്നിവ തുടരാൻ സുപ്രീം കമ്മിറ്റി ആഹ്വാനം ചെയ്തു. പൊതുസമൂഹത്തിന്റെ സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഓർക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ജൂലൈ 3 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 17 വരെ തുടരാനും ഇതേ യോഗത്തിൽ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഒമാനിൽ കഴിഞ്ഞ ദിവസം 1010 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 40070 പേർക്ക് ഇതിനകം COVID-19 ബാധിച്ചിട്ടുണ്ട്. ഇതിൽ 23425 പേർ രോഗമുക്തി നേടി. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ ഒമാനിൽ 176 പേരാണ് മരിച്ചത്.