ന്യൂഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ യു എ ഇയെ അതിഥി രാജ്യമായി ക്ഷണിക്കുമെന്ന് ഇന്ത്യ

featured GCC News

2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലേക്ക് യുഎഇയെ അതിഥി രാജ്യങ്ങളിലൊന്നായി ക്ഷണിക്കുമെന്ന് ഗ്രൂപ്പ് ഓഫ് ട്വൻ്റിയുടെ (G-20) അടുത്ത അധ്യക്ഷസ്ഥാനം വഹിക്കാനിരിക്കുന്ന ഇന്ത്യ പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

https://twitter.com/G20_India/status/1569562058047520770

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പ് ഉദ്ധരിച്ചാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 ഡിസംബർ 1-നാണ് ജി-20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്. ഇതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യ നടത്തിയ പ്രഖ്യാപനങ്ങളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഇത്. ഇന്ത്യയുടെ പ്രസിഡൻസി അടുത്ത വർഷം നവംബർ 30 വരെ നീണ്ടുനിൽക്കും.

19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും (EU) ചേർന്നതാണ് ജി-20. അർജൻ്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്എ എന്നിവയാണ് ഇതിലെ അംഗരാജ്യങ്ങൾ.

“ജി-20 പ്രസിഡൻസി എന്ന നിലയിൽ ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്‌സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യു എ ഇ എന്നീ രാജ്യങ്ങളെ ന്യൂ ഡൽഹി ഉച്ചകോടിയിലേക്ക് അതിഥി രാജ്യങ്ങളായി ക്ഷണിക്കുന്നതാണ്.”, ഈ അറിയിപ്പിൽ പറയുന്നു. ഈ രാജ്യങ്ങൾക്ക് പുറമെ, ഇൻ്റർനാഷണൽ സോളാർ അലയൻസ്, കോലിഷൻ ഫോർ ഡിസാസ്റ്റർ റസിലൻ്റ് ഇൻഫ്രാസ്ട്രക്ചർ, ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക് എന്നിവയെയും അതിഥി അന്താരാഷ്ട്ര സംഘടനകളായി ഇന്ത്യ ക്ഷണിക്കുന്നതാണ്.

“ജി-20 അംഗങ്ങൾക്ക് പുറമേ, ജി-20 പ്രസിഡൻസി അതിൻ്റെ മീറ്റിംഗുകൾക്കും ഉച്ചകോടിക്കും ചില അതിഥി രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും ക്ഷണിക്കുന്ന ഒരു പാരമ്പര്യമുണ്ട്”, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. ​​സുബ്രഹ്മണ്യം ജയശങ്കർ പറഞ്ഞു. “അതിൻ്റെ പ്രസിഡൻസിക്ക് കീഴിൽ, 2022 ഡിസംബർ മുതൽ, രാജ്യത്തുടനീളം ജി-20 യുമായി ബന്ധപ്പെട്ട് 200-ലധികം മീറ്റിംഗുകൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള ജിഡിപിയുടെ 85 ശതമാനവും, അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ 75 ശതമാനവും, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ജി-20 രാജ്യങ്ങളാണ് വഹിക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണ് ജി-20. അടുത്ത കലണ്ടർ വർഷത്തിലെ ഒരു പ്രധാന അന്താരാഷ്ട്ര പരിപാടിയായിരിക്കും ന്യൂഡൽഹി ഉച്ചകോടി. ഗ്രൂപ്പിലെ 20 അംഗങ്ങൾ, ഒമ്പത് അതിഥി രാജ്യങ്ങൾ, മൂന്ന് അന്താരാഷ്‌ട്ര സംഘടനകൾ എന്നിവയ്‌ക്ക് പുറമേ, താഴെ പറയുന്ന പതിവ് ക്ഷണിതാക്കളും ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് ഇന്ത്യൻ പ്രസിഡൻസി പ്രതീക്ഷിക്കുന്നു.

ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോകാരോഗ്യ സംഘടന, ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര തൊഴിൽ സംഘടന, സാമ്പത്തിക സ്ഥിരത ബോർഡ്, സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള ഓർഗനൈസേഷൻ എന്നിവയും, കൂടാതെ ആഫ്രിക്കൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ വികസന ഏജൻസി, സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് അസോസിയേഷൻ എന്നീ മൂന്ന് പ്രാദേശിക സംഘടനകളുടെ അധ്യക്ഷന്മാരുമാണിത്.

WAM [Cover Image: Photo by Ravi Sharma on Unsplash]