സൗദി അറേബ്യ: ഗ്രാൻഡ് മോസ്കിലെത്തുന്നവർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ്

featured GCC News

മക്കയിലെ ഗ്രാൻഡ് മോസ്കിലും, മദീനയിലെ പ്രവാചകന്റെ പള്ളിയിലുമെത്തുന്ന വിശ്വാസികൾ പുണ്യസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ നിയമങ്ങളും കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ജനറൽ പ്രസിഡൻസി ഫോർ അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്സ് തലവൻ അബ്ദുൽ റഹ്മാൻ അൽ സുദൈസാണ് വിശ്വാസികളെ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.

ഇരു പുണ്യസ്ഥാനങ്ങളും പ്രാർത്ഥനകൾക്ക് മാത്രമുള്ളതാണെന്നും, ഇത്തരം ഇടങ്ങളിൽ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനും, നിയമങ്ങൾ ലംഘിക്കുന്ന രീതിയിലുള്ള കൊടിക്കൂറകൾ കൊണ്ടുവരുന്നതിനും അനുവാദമില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പുണ്യസ്ഥാനങ്ങളുടെ വിശുദ്ധിയെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മക്കയിലെ ഗ്രാൻഡ് മോസ്കിലും, മദീനയിലെ പ്രവാചകന്റെ പള്ളിയിലുമെത്തുന്ന വിശ്വാസികൾ ശ്രദ്ധ വ്യതിചലിക്കാനിടയാക്കുന്ന മറ്റു പ്രവർത്തികളിൽ ഏർപ്പെടാതെ പ്രാർത്ഥനകളും, അനുഷ്ഠാനങ്ങളും നിർവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു വ്യക്തിയെ ഗ്രാൻഡ് മോസ്കിൽ നിന്ന് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് അധികൃതർ ഈ അറിയിപ്പ് പുറത്തിറക്കിയത്.