രാജ്യത്തെ COVID-19 വാക്സിനേഷനിൽ പങ്കെടുക്കാൻ ആദ്യ ഘട്ടത്തിൽ മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങൾക്ക്, ഓരോ ഗവർണറേറ്റിലും വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വിഭാഗക്കാർക്ക് വാക്സിൻ ലഭിക്കുന്നതിനായി മുൻകൂർ ബുക്കിംഗ് നടപടികൾ ആവശ്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഡിസംബർ 29-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഒമാനിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ളത്:
- പ്രമേഹം, കിഡ്നി പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളുള്ള 65 വയസ്സിനു മുകളിൽ പ്രായമായവർ.
- വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, കഠിനമായ ആസ്തമ ഉള്ളവർ, ILD പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവർ.
- ഈ പറയുന്ന വിഭാഗം ആരോഗ്യ പ്രവർത്തകർ: ICU ജീവനക്കാർ, COVID-19 വാർഡുകളിലെ ജീവനക്കാർ, പ്രമേഹമുള്ള ജീവനക്കാർ, നാല്പതോ അതിനു മുകളിലോ BMI ഉള്ള ജീവനക്കാർ, ഡയാലിസിസ് ചെയ്യുന്ന ജീവനക്കാർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള ജീവനക്കാർ.
ഇത്തരക്കാർക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇവർ പ്രത്യേക അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടതില്ലെന്നും, ഓരോ ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവർത്തന സമയങ്ങളിൽ നേരിട്ടെത്തി വാക്സിനേഷനിൽ പങ്കെടുക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒമാനിൽ ഡിസംബർ 27 മുതൽ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്മദ് അൽ സൈദി ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരുന്നു.
ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഒമാനിൽ നിലവിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഫൈസർ വാക്സിനിന്റെ 15600 ഡോസ് അടങ്ങിയ ആദ്യ ബാച്ച് ഡിസംബർ 24, വ്യാഴാഴ്ച്ച രാത്രി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു. 21 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായാണ് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.
വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Cover Photo: @OmaniMOH