പാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്ക് ഒരു താത്കാലിക പാത നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഷാർജ പോലീസ് അറിയിച്ചു. 2023 ജനുവരി 9-ന് വൈകീട്ടാണ് ഷാർജ പോലീസ് ജനറൽ കമാൻഡ് ഇക്കാര്യം അറിയിച്ചത്.
2023 ജനുവരി 8, ഞായറാഴ്ച രാത്രിയാണ് റോഡിലേക്ക് പാറക്കൂട്ടം ഇടിഞ്ഞ് വീണതിനെ തുടർന്ന് അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്കുള്ള റോഡ് തടസ്സപ്പെട്ടത്. ഈ റസ്റ്റ് ഏരിയയിലുണ്ടായിരുന്ന സന്ദർശകരെല്ലാം സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
മേഖലയിൽ അനുഭവപ്പെട്ട കനത്ത മഴയെത്തുടർന്നാണ് ഈ അപകടം ഉണ്ടായത്. ഈ അപകടം ഉണ്ടായ ഉടൻ തന്നെ പ്രദേശത്തെ ഗതാഗതം തടയുന്നതിനും, സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഷാർജ പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ, ബ്രിഗേഡിയർ ഡോ. അഹ്‌മദ് സയീദ് അൽ നൗർ അറിയിച്ചു.
ഈ റസ്റ്റ് ഏരിയയിലുണ്ടായിരുന്ന സന്ദർശകർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സുരക്ഷാ സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ കുടുങ്ങികിടക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായുള്ള ഒരു താത്കാലിക പാതയുടെ നിർമ്മാണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
Cover Image: Sharjah Police.