എക്സ്പോ 2020 ദുബായ്: നവംബർ 26 മുതൽ ഇന്ത്യൻ പവലിയനിൽ ‘ടെക്‌സ്റ്റൈൽ വീക്ക്’ ആരംഭിക്കുന്നു

GCC News

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ 2021 നവംബർ 26, വെള്ളിയാഴ്ച്ച മുതൽ ‘ടെക്‌സ്റ്റൈൽ വീക്ക്’ ആരംഭിക്കുന്നതാണ്. ആഗോള ടെക്‌സ്റ്റൈൽ വ്യവസായത്തിന്റെ ഉറവിടമായി ഇന്ത്യയെ പടുത്തുയർത്തുന്നതിൽ ‘ടെക്‌സ്റ്റൈൽ വീക്ക്’ വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെക്‌സ്റ്റൈൽ വീക്കുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ഇന്ത്യയുടെ ടെക്സ്റ്റൈൽ സഹമന്ത്രി ദർശന വി ജർദോഷ് ഉദ്ഘാടനം ചെയ്യുന്നതാണ്. “ഇന്ത്യ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയിൽ ലോകത്തിലെ രണ്ടാമത്തെ വലിയ കയറ്റുമതി രാജ്യമാണെന്നും, ആഗോള ഉൽപ്പാദന കേന്ദ്രമായി മാറുന്നതിനായി രാജ്യം ഉൽപാദനത്തിന്റെ ഗുണനിലവാരത്തിലും അളവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും” മന്ത്രി വ്യക്തമാക്കി.

ആഗോള നിക്ഷേപകർക്കും, ഉപഭോക്താക്കൾക്കും ‘ടെക്‌സ്റ്റൈൽ വീക്ക്’ ഒരു വലിയ അവസരമാണ് നൽകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. “ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായം ലോകപ്രശസ്തമാണ്. അത് രാജ്യത്തിന്റെ ശോഭനമായ ചരിത്രത്തെ പ്രതിനിധീകരിക്കുന്നു എന്ന് മാത്രമല്ല ആധുനിക കാലത്തെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.”, അവർ കൂട്ടിച്ചേർത്തു.

ടെക്സ്റ്റൈൽ വ്യവസായമാണ് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാവ്. ഈ മേഖലയിൽ ഏതാണ്ട് 45 ദശലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്‌. ഈ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതിന്റെ ഭാഗമായി നിക്ഷേപകർക്ക് മുഴുവൻ ടെക്സ്റ്റൈൽ മൂല്യ ശൃംഖലയിലും 100 ​​ശതമാനം നിക്ഷേപം നടത്താവുന്നതാണ്.

ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിലെ ഇന്ത്യയുടെ അഡീഷണൽ സെക്രട്ടറി വിജോയ് കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം ഇന്ത്യൻ പവലിയനിൽ വെച്ച് ആഗോള ബിസിനസ് ഫെഡറേഷനുകളുമായും, വ്യവസായ ചേമ്പറുകളുമായും നിക്ഷേപക കണക്ട് പ്രോഗ്രാമുകളിലൂടെയും വട്ടമേശ ചർച്ചകളിലൂടെയും സംവദിക്കുന്നതാണ്. കൈത്തറി മുതൽ സിൽക്ക് വരെയും റയോൺ മുതൽ ചണം വരെയുമുള്ള ഇന്ത്യൻ ടെക്സ്റ്റൈൽസ് മേഖലയിലുടനീളമുള്ള പ്രധാന കയറ്റുമതി പ്രോത്സാഹന കൗൺസിലുകളുടെ ചെയർമാന്മാരും ഈ പ്രതിനിധി സംഘത്തിലെ അംഗങ്ങളാണ്.

WAM