തൃശ്ശൂരിന്റെ സ്വന്തം “അമ്മച്ചിയുടെ അടുക്കള” – വിശക്കുന്നവന്റെ അത്താണിയായി രണ്ട് രൂപയ്ക്ക് ഇഡ്ഡലി; അറിയാം വിശേഷങ്ങൾ

featured Thanalil Ithiri Neram

കേരളക്കരയെ ഞെട്ടിച്ചു കൊണ്ട് പുതിയ ഒരു കർമ്മ പദ്ധതിയുമായി വന്നിരിക്കുകയാണ് നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ഫാദർ ഡേവിസ് ചിറമേൽ. വിശക്കുന്നവരുടെ വിശപ്പകറ്റാൻ അച്ഛന്റെ നേതൃത്വത്തിൽ തൃശ്ശൂരിലെ വിയൂരിൽ പ്രവർത്തിക്കുന്ന “നമ്മുടെ അമ്മച്ചീടെ അടുക്കള”-യിൽ നിന്നും വെറും രണ്ടു രൂപയ്ക്കു ഇഡ്ഡലി ലഭ്യമാണ്.

ഒരു ബോക്സിൽ 3 ഇഡ്ഡലിയും സാമ്പാറും ഉണ്ടാകും. കൂടാതെ അധികം അളവിൽ ഇഡ്ഡലി വേണ്ടവർക്ക് രണ്ടു ദിവസം മുൻപ് ഓർഡർ ചെയ്താൽ അത് ഡെലിവറി ചെയ്യുന്നതുമായിരിക്കും.

വില്ക്കാൻ വേണ്ടി ആരും രണ്ടു രൂപക്ക് ഇഡലി വാങ്ങിക്കരുതെന്നാണ് അച്ഛന്റെ അപേക്ഷ; മലയാളിയുടെ അതിബുദ്ധിയെ അടുത്തറിയുന്നതുകൊണ്ട് ഫാദർ ഓർമ്മിപ്പിച്ചു. വിശന്നിരിക്കുന്ന ഒരാളും നമ്മുടെ ഇടയിൽ ഉണ്ടാകരുത് എന്നതാണ് ഈ കർമ്മ പദ്ധതിയുടെ പരമമായ ലക്ഷ്യം.

ഇതിന്റെ ഒരു ഗംഭീര തുടക്കം തൃശൂർ പൂരം മുതൽ ആണ് ആരംഭിക്കുന്നത്. ഏകദേശം 30000 ഇഡലി പൂരത്തിന് വരുന്നവർക്ക് സൗജന്യമായി നൽകി അവരുടെ വിശപ്പടക്കുക എന്നതാണ് ലക്‌ഷ്യം. തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം കേരളത്തിന്റെ 14 ജില്ലകളിലും നടപ്പാക്കാനാണ് ഫാദർ പദ്ധതി ഇടുന്നത് . ഇത് മൂലം വിശപ്പ് എന്ന മഹാമാരിയെ കുറച്ചെങ്കിലും ഉന്മൂലനം ചെയ്യുക എന്നതാണ് ആത്യന്തിക ലക്‌ഷ്യം എന്ന് അച്ചൻ പറയുന്നു.

മായമില്ലാതെ ഭക്ഷണങ്ങൾ സാധാരണക്കാർ അവരുടെ അദ്ധ്വാനഫലത്തിൽ നിർമ്മിക്കുകയും അത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന “BE WITH YOU” എന്ന ബ്രാൻഡ് നെയിമിൽ ജനങ്ങളിലേക്ക് ഇറങ്ങി വരികയാണ് ഫാദറും ദൗത്യ സംഘവും.

കൂവ, മഞ്ഞൾ , മാങ്ങാ ഉണക്കിയത്, ചക്ക വരട്ടിയത് തുടങ്ങി ഒട്ടനവധി നാടൻ വിഭവങ്ങൾ “BE WITH YOU” എന്ന നാമത്തിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നു. ജന ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു രൂപ ഇഡലിയും ഈ ബ്രാൻഡിന്റെ ഒരു ഭാഗം ആണ്.

പ്രവാസി ഡെയ്‌ലിക്കു വേണ്ടി:
ഹരികൃഷ്‌ണ (പ്രോഗ്രാം അസ്സോസിയേറ്റ്) , കൊച്ചി, കേരള.