ഏപ്രിൽ മാസത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ ഇന്ന് (2024 മെയ് 19, ഞായറാഴ്ച) തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 മെയ് 18-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
ഓൺപാസ്സീവ്, ഇക്വിറ്റി, മഷ്‌റഖ് എന്നീ സ്റ്റേഷനുകളാണ് മെയ് 19 മുതൽ മെട്രോ സേവനങ്ങൾക്കായി വീണ്ടും തുറന്ന് കൊടുക്കുന്നത്. ഈ സ്റ്റേഷനുകളിൽ നടന്ന് വന്നിരുന്ന അറ്റകുറ്റപ്പണികളും, പരിശോധനകളും മെയ് 28-ന് പൂർത്തിയാകുമെന്നാണ് RTA നേരത്തെ അറിയിച്ചിരുന്നത്.
അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കുന്ന എനർജി മെട്രോ സ്റ്റേഷൻ അടുത്ത ആഴ്ച തുറന്ന് പ്രവർത്തിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യത്ത് പെയ്ത ഏറ്റവും ശക്തമായ മഴയ്ക്ക് യു എ ഇ 2024 ഏപ്രിൽ 16-ന് സാക്ഷ്യം വഹിച്ചിരുന്നു. ഇതിനെ തുടർന്ന് ദുബായ് മെട്രോ സേവനങ്ങളിൽ തടസം നേരിട്ടിരുന്നു.