2021 ഫെബ്രുവരി 22 മുതൽ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് മൂന്ന് തവണയായി COVID-19 PCR പരിശോധനകൾ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 17-ന് രാത്രി നടന്ന നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ പത്ര സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി H.E ഡോ. വലീദ് ഖലീഫ അൽ മനീയയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ, പൊതു സമൂഹത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 22 മുതൽ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന രീതിയിലാണ് 3 തവണയായുള്ള PCR ടെസ്റ്റിംഗ് നടപ്പിലാക്കുന്നത്:
- ആദ്യ COVID-19 PCR ടെസ്റ്റ് – രാജ്യത്ത് പ്രവേശിച്ച ഉടൻ.
- രണ്ടാം COVID-19 PCR ടെസ്റ്റ് – രാജ്യത്ത് പ്രവേശിച്ച ശേഷം അഞ്ചാം ദിനത്തിൽ.
- മൂന്നാം COVID-19 PCR ടെസ്റ്റ് – രാജ്യത്ത് പ്രവേശിച്ച ശേഷം പത്താം ദിനത്തിൽ.
രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തുന്ന COVID-19 PCR ടെസ്റ്റുകളുടെ തുക കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് പരിശോധനകൾക്കും കൂടി ഫെബ്രുവരി 22 മുതൽ 36 ദിനറാണ് യാത്രികർ നൽകേണ്ടി വരിക. നിലവിൽ രണ്ട് പരിശോധനകൾക്ക് 40 ദിനറാണ് ഈടാക്കുന്നത്.
അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും നടത്തേണ്ട PCR ടെസ്റ്റുകൾക്കുള്ള മുൻകൂർ അനുമതികൾ ‘BeAware Bahrain’ ആപ്പിലൂടെ നേടാവുന്നതാണ്. രാജ്യത്ത് പ്രവേശിച്ച ഉടൻ നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ നിർബന്ധമായും സ്വയം ഐസൊലേഷനിൽ തുടരാനും അദ്ദേഹം യാത്രികരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത തുടരാൻ പൊതുജനങ്ങളോട് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.