രാജ്യത്ത് നിലവിൽ രണ്ട് കൊറോണ വൈറസ് വാക്സിനുകളിൽ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം ജൂലൈ 13-നു വ്യക്തമാക്കി. തിങ്കളാഴ്ച്ച നടന്ന പത്രസമ്മേളനത്തിലാണ്, ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവൈസ് ഈ വിവരം അറിയിച്ചത്. ഈ വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്ന രണ്ട് വാക്സിനുകളും, അവയുടെ സുരക്ഷയും, ഫലപ്രാപ്തിയും കൂടുതൽ വിപുലമായി വലിയ ഒരു ജനവിഭാഗത്തിൽ പരീക്ഷിക്കുന്ന ഘട്ടത്തിൽ എത്തിയെന്ന് അദ്ദേഹം അറിയിച്ചു. ഈ പരീക്ഷണങ്ങൾക്കായി 15000-ത്തിൽ പരം സന്നദ്ധ പ്രവർത്തകർ തയ്യാറാണെന്ന് അൽ ഒവൈസ് വ്യക്തമാക്കി.
പൂർണ്ണമായും ഏറ്റവും മികച്ച ശാസ്ത്രീയ മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തുന്ന ഈ പരീക്ഷണങ്ങൾ വിജയിക്കുകയാണെങ്കിൽ, വാണിജ്യാടിസ്ഥാനത്തിലുള്ള വാക്സിനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. യു എ ഇയിലെ ആരോഗ്യ രംഗത്തെ മികച്ച നേട്ടങ്ങളിലൊന്നാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ ആദ്യമായി, നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം രാജ്യത്ത് ആരംഭിച്ചതായി യു എ ഇ ആരോഗ്യ വകുപ്പ് അധികൃതർ ജൂൺ 23-ന് അറിയിച്ചിരുന്നു.