യു എ ഇ: അമ്പത്തിമൂന്നാമത് ഈദ് അൽ എത്തിഹാദ് ഔദ്യോഗിക ചടങ്ങിന് അൽ ഐൻ ആതിഥേയത്വം വഹിക്കും

featured GCC News

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2024 ഡിസംബർ 2-ന് അൽ ഐൻ സിറ്റിയിൽ വെച്ച് സംഘടിപ്പിക്കും. 2024 നവംബർ 21-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിൻ്റെ സംഘാടക സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഈ ഔദ്യോഗിക ദേശീയ ദിനാഘോഷ ചടങ്ങുകൾ പ്രാദേശിക ടിവി ചാനലുകളിലും, ഈദ് അൽ ഇത്തിഹാദിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും, വെബ്സൈറ്റിലും, സിനിമാശാലകളിലും, തിരഞ്ഞെടുത്ത പൊതു ഇടങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ചരിത്രപരമായ പ്രാധാന്യമുള്ള അൽ ഐൻ സിറ്റി, ഷെയ്ഖ് സായിദ് മുന്നോട്ട് വെച്ച ഐക്യത്തിൻ്റെയും സമൃദ്ധിയുടെയും ദർശനങ്ങളുടെ പ്രതീകമാണ്. അതിൻ്റെ പ്രകൃതി പരിസ്ഥിതിയും ചരിത്രപരമായ അടയാളങ്ങളും എമിറാത്തി പൈതൃകത്തിൻ്റെ നിധികളാണ്. പാരിസ്ഥിതികവും ചരിത്രപരവുമായ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് അൽ ഐൻ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

യു എ ഇയുടെ യാത്രയെയും സ്ഥാപക പിതാക്കന്മാരുടെ പൈതൃകത്തെയും ആദരിക്കുന്നതിലാണ് ഇത്തവണത്തെ ഈദ് അൽ ഇത്തിഹാദ് ആഘോഷ ചടങ്ങ് ഊന്നൽ നൽകുന്നത്. നൂതനമായ കഥപറച്ചിൽ സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുന്നതാണ്.

https://eidaletihad.ae/ എന്ന ഈദ് അൽ ഇത്തിഹാദ് ഔദ്യോഗിക വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രത്യേക ആഘോഷ ഗൈഡ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിലും ഈദ് അൽ എത്തിഹാദിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇൻസ്റ്റാഗ്രാം,ഫേസ്ബുക്ക്, യൂട്യൂബ്, ടിക് ടോക്ക്, എക്സ് എന്നിവയിലോ ഔദ്യോഗിക ഹാഷ്‌ടാഗുകളായ #EidAlEtihad53, #UAE53 എന്നിവ ഉപയോഗിച്ചോ കണ്ടെത്താനാകും.