രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി യു എ ഇയിലെ വിമാന കമ്പനികൾ അറിയിച്ചു. എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവെയ്‌സ് എന്നിവർ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ വെബ്സൈറ്റുകളിലെ യാത്രാ നിബന്ധനകൾ ഭേദഗതി ചെയ്തിട്ടുണ്ട്.
ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് GDRFA, ICA മുൻകൂർ അനുമതി ആവശ്യമില്ല
https://www.emirates.com/in/english/help/covid-19/dubai-travel-requirements/residents/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകൾ അനുസരിച്ച് (2022 ഫെബ്രുവരി 26, 13:58-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം) ദുബായിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് GDRFA, ICA മുൻകൂർ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് വിസകളിലെത്തുന്നവർക്കും ഈ അനുമതി ആവശ്യമില്ല.
എമിറേറ്റ്സ് വിമാനങ്ങളിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിബന്ധനകൾ താഴെ പറയുന്നു:
- 2022 ഫെബ്രുവരി 26 മുതൽ ദുബായിലേക്ക് യാത്ര ചെയ്യുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർ ഇത് തെളിയിക്കുന്നതിനായി തങ്ങളുടെ കൈവശം QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്.
- വാക്സിനെടുക്കാത്ത യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
- COVID-19 രോഗമുക്തി നേടിയവർക്ക് (യാത്ര ചെയ്യുന്ന തീയതിയ്ക്ക് മുൻപ് ഒരു മാസത്തിനിടയിൽ രോഗമുക്തരായവർക്ക് ബാധകം) ഇത് തെളിയിക്കുന്ന രേഖകൾ (QR കോഡ് നിർബന്ധം) ഹാജരാക്കേണ്ടതാണ്.
- അധികൃതർ ആവശ്യപ്പെടുന്ന പക്ഷം, ദുബായിലെത്തുന്ന യാത്രികർ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ സ്വയം ക്വാറന്റീനിൽ തുടരേണ്ടതാണ്.
- ദുബായിലൂടെ ട്രാൻസിറ്റ് യാത്രികരായ സഞ്ചരിക്കുന്നവർക്ക് PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ല (ഇവർ യാത്ര അവസാനിപ്പിക്കുന്ന രാജ്യത്ത് പ്രവേശിക്കുന്നതിന് PCR ആവശ്യമെങ്കിൽ അത് കരുതേണ്ടതാണ്).
അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രികർക്ക് PCR പരിശോധന ആവശ്യമില്ലെന്ന് ഇത്തിഹാദ്
അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് യാത്ര ചെയ്യുന്നതിന് PCR ടെസ്റ്റ് ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ് അറിയിച്ചിട്ടുണ്ട്. COVID-19 രോഗമുക്തി നേടിയതായി തെളിയിക്കുന്ന രേഖകളുള്ള യാത്രികർ (യാത്ര ചെയ്യുന്ന തീയതിയ്ക്ക് മുൻപ് ഒരു മാസത്തിനിടയിൽ രോഗമുക്തരായവർ), 16 വയസിന് താഴെ പ്രായമുള്ള യാത്രികർ എന്നിവർക്കും ഈ ഇളവ് ബാധകമാണ്.
വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. അബുദാബിയിലൂടെ ട്രാൻസിറ്റ് ചെയ്യുന്നവർക്ക് ഇവർ യാത്ര അവസാനിപ്പിക്കുന്ന രാജ്യത്ത് പ്രവേശിക്കുന്നതിന് PCR ആവശ്യമെങ്കിൽ അത് കരുതേണ്ടതാണ്. അബുദാബിയിലെത്തിയ ശേഷം യാത്രികർക്ക് എയർപോർട്ടിൽ നിന്ന് ഒരു PCR ടെസ്റ്റ് (സൗജന്യം) നടത്തണമെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്.