എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ധാരാളം യാത്രികർ യു എ ഇയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡർ H.E. ഡോ. അഹമ്മദ് അൽ ബന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രണ്ടാഴ്ചയ്ക്കുള്ളിൽ ദുബായിൽ ആരംഭിക്കുന്ന എക്സ്പോ 2020 ദുബായ് ലോക പ്രദർശനത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായുള്ള പ്രചാരണപരിപാടിയുടെ ഭാഗമായി ഒരു മാധ്യമ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എക്സ്പോ 2020 ദുബായിയുടെ വിജയത്തിനായി ഇന്ത്യയിലെ നേതൃത്വത്തിൽ നിന്ന് ശക്തമായ പ്രതിബദ്ധതയാണ് അനുഭവപ്പെടുന്നതെന്ന് ഡോ.അഹമ്മദ് അൽ ബന്ന വ്യക്തമാക്കി.
യു എ ഇയും ഇന്ത്യയും തമ്മിൽ പങ്കിടുന്ന ഭൂമിശാസ്ത്രപരമായ സാമീപ്യം, അടുപ്പം, ഊഷ്മളമായ പ്രത്യേക ബന്ധം എന്നിവയാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും മറ്റ് പ്രമുഖ ഇന്ത്യക്കാരും യു എ ഇയിലെ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ സമീപകാല സംഭാഷണങ്ങളിലെ പ്രധാന വിഷയങ്ങളിലൊന്ന് ദുബായ് എക്സ്പോ 2020-യാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആറുമാസം നീണ്ടുനിൽക്കുന്ന ദുബായ് എക്സ്പോ 2020 കാലയളവിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള സന്ദർശനങ്ങളുടെ എണ്ണത്തിൽ വളരെ വലിയ കുതിച്ചുച്ചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതും, COVID-19 നിബന്ധനകളിൽ മാറ്റം വരുത്തിയതും കൂടുതൽ യാത്രികരെ എക്സ്പോ 2020 വേദിയിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളിലെയും യുവതലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ യു എ ഇയും ഇന്ത്യയും തമ്മിൽ ഒത്ത്ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഡോ. അൽ ബന്ന ഊന്നിപ്പറഞ്ഞു. മഹാമാരിയുടെ നാളുകൾക്ക് ശേഷം ശരിയായ രീതിയിലുള്ള തൊഴിൽ ശക്തി സൃഷ്ടിക്കുന്നതിൽ ഇത്തരം സഹകരണം നിർണ്ണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോക എക്സ്പോയുടെ വേദിയിലെത്തുന്ന സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് എക്സ്പോ 2020 ദുബായ് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.
കുടുംബങ്ങളായെത്തുന്ന സന്ദർശകർക്കായി ആസ്വാദനത്തിന്റെ വിശാലമായ ഒരു പുത്തൻ ലോകം കാഴ്ച്ചവെക്കുന്നതിന് ഒരുങ്ങിയിരിക്കുകയാണ് എക്സ്പോ 2020 ദുബായ് വേദി.
WAM