ന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിലെ യു എ ഇ പങ്കാളിത്തം ഇന്ത്യ-യു എ ഇ ബന്ധത്തിന്റെ പ്രാധാന്യം എടുത്ത് കാട്ടുന്നതായി ഇന്ത്യയിലെ യു എ ഇ അംബാസഡർ H.E. ഡോ. അബ്ദുൽ നാസ്സർ അൽ ഷാലി വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും, തന്ത്രപ്രധാനവുമായ ബന്ധത്തിന് ഇത് അടിവരയിടുന്നതായി അദ്ദേഹം എമിറേറ്റ്സ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തുടർച്ചയായി രണ്ടാം വർഷവും ജി20 ഉച്ചകോടിയിലെ വിശിഷ്ടാതിഥിയായുള്ള യു എ ഇയുടെ പങ്കാളിത്തം ബഹുമുഖമായ സഹകരണത്തെ ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിൻറെ നയങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നതതലത്തിലുള്ള ഉഭയകക്ഷി സന്ദർശനങ്ങൾ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിന് സഹായകമാകുമെന്ന് അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇ സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും, യു എ എയും തമ്മിൽ ഒപ്പ് വെച്ച സമഗ്ര പങ്കാളിത്ത കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങൾക്കിടയിലുമുള്ള വ്യാപാരം 80 ബില്യൺ യു എസ് ഡോളർ കടന്നതായും, എണ്ണയിതര വ്യാപരം അമ്പത് ബില്യൺ ഡോളറിന് മുകളിലെത്താൻ സഹായിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു എ ഇയുടെ ഇന്ത്യയിലുള്ള വിവിധ മേഖലകളിലെ നിക്ഷേപങ്ങൾ ഉയർന്നതായും അദ്ദേഹം അറിയിച്ചു. ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ മുന്നോട്ട് വെക്കുന്ന കാര്യപരിപാടികളെയും, നയങ്ങളെയും യു എ ഇ പിന്തുണയ്ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
WAM