ഈദുൽ ഫിത്ർ 2022: യു എ ഇയിലെ സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു; അവധിദിനങ്ങൾ റമദാൻ 29 മുതൽ ആരംഭിക്കും

featured UAE

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിപ്പ് പുറത്തിറക്കി. 2022 ഏപ്രിൽ 21-ന് രാത്രിയാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് റമദാൻ 29 മുതൽ ശവ്വാൽ 3 വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം, ഈ വർഷം റമദാൻ 30 ദിനങ്ങൾ വരുന്ന സാഹചര്യത്തിൽ ഈ അവധി 2022 ഏപ്രിൽ 30 മുതൽ മെയ് 4 വരെയായിരിക്കും.

റമദാൻ 29 ദിനങ്ങൾ മാത്രം വരുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ അവധി ഏപ്രിൽ 30 മുതൽ മെയ് 3 വരെയായിരിക്കും.

രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

Cover Image: WAM.