യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 സെപ്റ്റംബർ 3-ന് ഭൂമിയിൽ തിരിച്ചെത്തും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള അൽ നെയാദി അടക്കമുള്ള ദൗത്യസംഘം 2023 മാർച്ച് 3-നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നത്. തുടർന്ന് ഇവർ വിവിധ ഗവേഷണങ്ങളുമായി ആറ് മാസം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തുടർന്നു.
അൽ നെയാദി അടക്കമുള്ള ദൗത്യസംഘത്തെ വഹിച്ച് കൊണ്ടുള്ള ഡ്രാഗൺ ബഹിരാകാശപേടകം 2023 സെപ്റ്റംബർ 2-ന് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് വേർപ്പെടുമെന്നും, സെപ്റ്റംബർ 3-ന് ഇത് ഭൂമിയിൽ തിരികെ പ്രവേശിക്കുമെന്നും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചിട്ടുണ്ട്.
ഡ്രാഗൺ ബഹിരാകാശപേടകം അമേരിക്കയുടെ ഫ്ലോറിഡ തീരത്തിന് സമീപം കടലിൽ ഇറങ്ങുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
Cover Image: MBRSC.