നാസയിലെ ബഹിരാകാശസഞ്ചാരിയായ സ്റ്റീഫൻ ബൊവൻ, എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി എന്നിവർ 2023 ഏപ്രിൽ 28-ന് അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് സ്പേസ് വാക് നടത്തി.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ വൈദ്യുതിശേഷി ഉയർത്തുന്നതിനായുള്ള പുതിയ സോളാർ പാനലുകൾ ഘടിപ്പിക്കുന്നതിന്റെ നടപടികളുമായി ബന്ധപ്പെട്ടാണ് ഇരുവരും അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്.
ബഹിരാകാശ നിലയത്തിന് പുറത്ത് ഇരുവരും ഏഴ് മണിക്കൂറും ഒരു മിനിറ്റും ചെലവഴിച്ചു.
ഇതോടെ ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരി എന്ന നേട്ടം സുൽത്താൻ അൽ നെയാദി കൈവരിച്ചു.
“യു എ ഇയ്ക്ക് ഏറെ പ്രധാനപ്പെട്ട ഒരു നിമിഷം”, തന്റെ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് സുൽത്താൻ അൽ നെയാദി അറിയിച്ചു.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഇത്തരം ഒരു ദൗത്യം നിർവഹിക്കുന്ന പത്താമത്തെ രാജ്യമായി യു എ ഇ മാറി. സ്റ്റീഫൻ ബൊവൻ ഇത് എട്ടാം തവണയാണ് സ്പേസ് വാക് നടത്തുന്നത്.
യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള അൽ നെയാദി അടക്കമുള്ള ദൗത്യസംഘം 2023 മാർച്ച് 3-നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നത്. ഇവർ വിവിധ ഗവേഷണങ്ങളുമായി ആറ് മാസം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തുടരുന്നതാണ്.