യു എ ഇ: പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ തീരുമാനം

UAE

രാജ്യത്തെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു വിഷയമായി ഉൾപ്പെടുത്താൻ യു എ ഇ തീരുമാനിച്ചു. കിന്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള ക്ലാസ്സുകളിൽ AI ഒരു നിർബന്ധ വിഷയമായി ഉൾപ്പെടുത്തുന്നതിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനം 2025-2026 അധ്യയന വർഷം മുതൽ നടപ്പിലാക്കുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്.

ഒരു പുതിയ ലോകത്തിനും, വ്യത്യസ്തമായ ഭാവിയ്ക്കുമായി വരും തലമുറയെ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. അതിവേഗം വികസിക്കുന്ന ലോകത്തിനായി വരും തലമുറകളെ തയ്യാറാക്കുന്നത് സംബന്ധിച്ച യു എ ഇയുടെ ദീർഘകാലാടിസ്ഥാനമായുള്ള ദർശനങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കിന്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് കൃത്രിമബുദ്ധി സംബന്ധിച്ച അറിവുകൾ, നൈപുണ്യം എന്നിവ നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.