രാജ്യത്ത് അഞ്ച് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. 2022 ജൂൺ 7, ചൊവ്വാഴ്ച രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതോടെ യു എ ഇയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായിട്ടുണ്ട്. അതേസമയം നേരത്തെ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിലിരുന്ന 2 പേർ രോഗമുക്തി നേടിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇവർ മങ്കിപോക്സ് രോഗബാധയുടെ ലക്ഷണങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തിനേടിയതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗം പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി യാത്രകളിൽ ജാഗ്രത പുലർത്താനും, ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കാനും പൊതുജനങ്ങളോട് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
മങ്കിപോക്സ് പടരുന്നത് കൈകാര്യം ചെയ്യാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്ന് MoHAP ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവർക്ക് ആവശ്യമായ ചികിത്സാ സേവനങ്ങൾ ഉറപ്പ് വരുത്തിയതായും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വ്യക്തികളെ നിരീക്ഷിച്ച് വരുന്നതായും MoHAP കൂട്ടിച്ചേർത്തു.
ഈ രോഗം സംബന്ധിച്ച കിംവദന്തികൾ പ്രചരിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യരുതെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു എ ഇയിലെ ആദ്യത്തെ മങ്കിപോക്സ് കേസ് MoHAP 2022 മേയ് 24-ന് സ്ഥിരീകരിച്ചിരുന്നു.
WAM