ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ ആഹ്വാനം ചെയ്തു

featured GCC News

വിവിധ രീതികളിലുള്ള ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ പ്രത്യേക പ്രസ്താവനയിലാണ് യു എ ഇ സർക്കാർ സൈബർ സുരക്ഷാ വിഭാഗം തലവൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി ഇത്തരം ഒരു അഭ്യർത്ഥന നടത്തിയത്.

സ്മാർട്ട് ടെലികമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻഫ്രാസ്ട്രക്ചർ രംഗങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ യു എ ഇ തങ്ങളുടെ പൗരന്മാരുടെയും, പ്രവാസികളുടെയും ദൈനംദിന ജീവിതവുമായി ഡിജിറ്റൽ ജീവിതശൈലി വിജയകരമായി സമന്വയിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത് വളരെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗം വികസിക്കുന്ന സാങ്കേതിക വിദ്യകൾ, ഡിജിറ്റൽ സേവനങ്ങളിൽ അധിഷ്ഠിതമായുള്ള ജീവിതശൈലി എന്നിവ ആഗോളതലത്തിൽ തന്നെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനായുള്ള ആക്രമണങ്ങളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്ന സാഹചര്യം ഉളവാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

SMS സന്ദേശങ്ങൾ ഉപയോഗിച്ച് കൊണ്ട് വ്യക്തികളെ സുരക്ഷിതമല്ലാത്ത ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള വിവിധ തട്ടിപ്പുകൾ ദിനംപ്രതി രൂപപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുകയും, വ്യക്തിഗത വിവരങ്ങൾ, ക്രെഡിറ്റ് കാർഡ്, ബാങ്കിങ്ങ്, മറ്റ് വിവരങ്ങൾ എന്നിവ പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈബർ സുരക്ഷാ ശ്രമങ്ങളിൽ പൊതുജനങ്ങളെ പങ്കാളികളാക്കുന്നതിനും, അവർക്കിടയിൽ ഡിജിറ്റൽ അവബോധം വർദ്ധിപ്പിക്കുന്നതിനുമായി യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ അതിന്റെ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് കൊണ്ട് സൈബർ പൾസ് പദ്ധതിയ്ക്ക് രൂപം നൽകിയതായി അദ്ദേഹം വ്യക്തമാക്കി. വിവിധ തരത്തിലുള്ള ഫിഷിംഗ് ആക്രമണങ്ങളെ ചെറുക്കേണ്ടതിന്റെയും സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് സമൂഹത്തിന്റെ അവബോധം വളർത്തുന്നതിന്റെയും പ്രാധാന്യം അദ്ദേഹം എടുത്ത് കാട്ടി. ഇ-ഫിഷിംഗിൽ നിന്ന് എല്ലാവരേയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കണ്ടെത്തി അവയെക്കുറിച്ച് സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ബോധവത്കരണം നൽകേണ്ടതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു.

ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ താഴെ പറയുന്ന നിർദ്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താവുന്നതാണ്:

  • വിശ്വസനീയമല്ലാത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ വെബ്‌സൈറ്റുകളിലോ സ്വകാര്യ കോൺടാക്റ്റ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുവായിരിക്കുക.
  • ടെക്‌സ്‌റ്റ് മെസേജുകളിലൂടെ ലഭിക്കുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
  • വ്യക്തിഗത ഡാറ്റയുടെ ബാക്കപ്പ് കോപ്പികൾ സൂക്ഷിക്കുക.
  • സ്‌മാർട്ട്‌ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഇടയ്‌ക്കിടെ അപ്‌ഡേറ്റ് ചെയ്യുക.
  • ഫോൺ നിർമ്മാതാക്കൾ നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ പിന്തുടരുക.
  • അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക.

നിങ്ങൾ ഇ-തട്ടിപ്പിന് ഇരയാകുന്നുണ്ടെന്ന് സംശയിക്കാൻ ഇടവരുത്തുന്ന സൂചനകളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • അതിവേഗമുള്ള ഫോൺ ബാറ്ററിയുടെ ശോഷണം, അസാധാരണ നിരക്കിലുള്ള ബാറ്ററി ഉപഭോഗം.
  • സ്‌മാർട്ട്‌ഫോൺ പ്രോസസ്സിംഗ് വേഗത വളരെ കുറയുക.
  • കോൺടാക്‌റ്റുകൾക്ക് ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയയ്‌ക്കുന്നതോ, അധിക ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതോ പോലുള്ള അനധികൃത ഓട്ടോമേറ്റഡ് ജോലികൾ നിങ്ങളുടെ ഫോൺ സ്വയം ചെയ്യുന്ന സാഹചര്യം.
  • പെർഫോമൻസ് ഡ്രെയിനിംഗ് ആപ്പുകൾ ഉപയോഗിക്കാതെ തന്നെ സ്‌മാർട്ട്‌ഫോണിന്റെ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യം.

ഇ-തട്ടിപ്പിന് ഇരയായവർ, അത്തരം സന്ദർഭങ്ങളിൽ ഒരു ഭീഷണിക്കും വഴങ്ങാതിരിക്കേണ്ടതും അത്തരം സംഭവങ്ങൾ ഉടനടി ഔദ്യോഗിക അധികാരികളെ അറിയിക്കേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം സാഹര്യങ്ങളിൽ താഴെ പറയുന്ന രീതിയിൽ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്:

  • അബുദാബി പോലീസ് – ടോൾ ഫ്രീ നമ്പറായ 8002626, അല്ലെങ്കിൽ 2828 എന്ന നമ്പറിൽ SMS വഴി.
  • ദുബായ് പോലീസ് – ഇ-ക്രൈം പ്ലാറ്റ്‌ഫോം, അല്ലെങ്കിൽ പ്രാദേശിക നമ്പറായ 8004888, അല്ലെങ്കിൽ +9718004888, അല്ലെങ്കിൽ 4444 എന്ന നമ്പറിൽ SMS വഴി അൽ അമീൻ സർവീസുമായി ബന്ധപ്പെടുക.
  • യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയിട്ടുള്ള “My Safe Society” സ്‍മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് സഹായത്തിനായി അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയോ 999 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.
  • ഷാർജ പോലീസ് – 800151 എന്ന നമ്പറിലോ, 7999 എന്ന നമ്പറിൽ SMS വഴിയോ നജീദ് സർവീസിലേക്ക് ബന്ധപ്പെടുക.

WAM