റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31 വരെ നീട്ടി. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ICP) ഇക്കാര്യം പ്രഖ്യാപിച്ചത്.
2024 ഒക്ടോബർ 31-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൊതുമാപ്പ് പദ്ധതിയുടെ കാലാവധി ഇന്ന് (2024 ഒക്ടോബർ 31, വ്യാഴാഴ്ച) അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതിയുടെ പ്രയോജനം രണ്ട് മാസത്തേക്ക് കൂടി നീട്ടി നൽകാൻ ICP തീരുമാനിച്ചിരിക്കുന്നത്.
മനുഷ്യത്വപരമായ ഘടകങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. ഇതോടെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 2024 ഡിസംബർ 31 വരെ അവസരം ലഭിക്കുന്നതാണ്.
ഈ പൊതുമാപ്പ് പദ്ധതി 2024 സെപ്റ്റംബർ 1 മുതൽ യു എ ഇയിൽ ആരംഭിച്ചിരുന്നു. ഈ പദ്ധതി ഒക്ടോബർ 31-ന് അവസാനിക്കുമെന്നും, ഇതിന് ശേഷം അനധികൃതമായി യു എ ഇയിൽ തുടരുന്നവർക്കും, ഇത്തരം അനധികൃത പ്രവാസികളെ തൊഴിലിടങ്ങളിൽ നിയമിക്കുന്നവർക്കും കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചിരുന്നതാണ്. എന്നാൽ ഈ തീരുമാനം ഭേദഗതി ചെയ്യാനും, പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടാനും അധികൃതർ ഒക്ടോബർ 31-ന് രാത്രി തീരുമാനിക്കുകയായിരുന്നു.
WAM