യു എ ഇ: ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ സേവനമേഖലകളുടെ പ്രവർത്തനശേഷി ഉയർത്താൻ NCEMA അനുമതി നൽകി

featured GCC News

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഏതാനം സേവനമേഖലകളുടെ പ്രവർത്തനശേഷി ഉയർത്താൻ യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അനുമതി നൽകി. യു എ ഇയിലെ മര്‍മ്മപ്രധാനമായ ഏതാനം മേഖലകളുടെ പ്രവർത്തനവും, ആരോഗ്യ സുരക്ഷയും സംയോജിപ്പിച്ച് കൊണ്ട് പോകുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഓഗസ്റ്റ് 8-ന് വൈകീട്ടാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ വാണിജ്യ മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടക്കികൊണ്ട് വരുന്നതിനും, യു എ ഇയിലെ വിവിധ മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെയെത്തിക്കുന്നതിനും ഈ തീരുമാനം കൂടുതൽ സഹായകമാകുന്നതാണ്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന ഇളവുകളാണ് വിവിധ മേഖലകളിൽ NCEMA അനുവദിച്ചിരിക്കുന്നത്:

  • രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായവ പരമാവധി 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാവുന്നതാണ്.
  • ഭക്ഷണശാലകളിൽ ഒരു മേശയിൽ പരമാവധി 10 പേർക്ക് വരെ ഇരിക്കാവുന്നതാണ്. ഭക്ഷണശാലകളിലെത്തുന്നവർ ഭക്ഷണം കഴിക്കുന്ന സമയമൊഴികെ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്.
  • വിനോദകേന്ദ്രങ്ങൾ, സിനിമാശാലകൾ, മ്യൂസിയം, ഗാലറി മുതലായവ പരമാവധി 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാവുന്നതാണ്.
  • വിവാഹ ഹാളുകൾ, മറ്റു ചടങ്ങുകൾ നടക്കുന്ന ഹാളുകൾ, വേദികൾ മുതലായ ഇടങ്ങൾ പരമാവധി 60 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം കേന്ദ്രങ്ങളിൽ പരമാവധി 300 സന്ദർശകർക്കാണ് പ്രവേശനം അനുവദിക്കുന്നത്. സമൂഹ അകലം ഉൾപ്പടെയുള്ള കൃത്യമായ സുരക്ഷാ നിബന്ധനകൾ പാലിച്ച് കൊണ്ടായിരിക്കണം ഇത്തരം വേദികളുടെ പ്രവർത്തനം.
  • ഹോട്ടലുകൾക്ക് മുഴുവൻ ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
  • പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം സംവിധാനങ്ങളിൽ മാസ്കുകൾ നിർബന്ധമാണ്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി നൽകുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവർക്ക് ഈ അനുമതിയില്ല. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുളളവർ എന്നിവർക്ക് രണ്ടാം ഡോസ് എടുത്ത് മൂന്ന് മാസം വരെയാണ് ഇത്തരം അനുമതി. വാക്സിനെടുത്തവർക്കും ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത PCR നെഗറ്റീവ് റിസൾട്ട്, Al Hosn ആപ്പിൽ ‘E’, അല്ലെങ്കിൽ ഗോൾഡ് സ്റ്റാർ ചിഹ്നം എന്നിവ നിർബന്ധമാണ്. രോഗവ്യാപനം തടയുന്നതിനായി ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ NCEMA വിവിധ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Cover Image: WAM