യു എ ഇയിലെ ഇ-കോമേഴ്‌സ് ചില്ലറവില്പന മേഖലയിൽ 196 പുതിയ ലൈസൻസുകളാണ് 2020 മെയ് മാസത്തിൽ മാത്രം അനുവദിച്ചത്. രാജ്യത്തെ ഇ-കോമേഴ്‌സ് വ്യാപാര മേഖലയിലെ വളർച്ചയുടെ സൂചനകൾ പ്രകടമാക്കുന്ന ഈ കണക്കുകൾ നാഷണൽ ഇക്കണോമിക് രജിസ്റ്റർ ആണ് പങ്ക്‌വെച്ചത്. നിലവിലെ പശ്ചാത്തലത്തിൽ ഓൺലൈൻ വ്യാപാരമേഖലയിൽ കണ്ടുവരുന്ന വലിയ ജനപങ്കാളിത്തം, കൂടുതൽ പുതിയ സംരംഭകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതായി ഇത് വ്യക്തമാക്കുന്നുണ്ട്.
2020-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഉപഭോക്താക്കളുടെ ഇടയിൽ ഇ-കൊമേഴ്‌സ് സേവനങ്ങളുടെ ഉപയോഗത്തിൽ ഏതാണ്ട് 300 ശതമാനം വളർച്ചയാണ് യു എ ഇയിൽ പ്രകടമായത്. ജനങ്ങളുടെ ഇടയിൽ ഓൺലൈൻ സേവനങ്ങളോടുള്ള വലിയ താത്പര്യം കണക്കിലെടുത്ത് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (TRA) രാജ്യത്തെ പ്രധാന വിവിധ വാണിജ്യ മേഖലകളിലെ ഇ-കൊമേഴ്‌സ് സേവനദാതാക്കളുടെ വിവരങ്ങൾ ഔദ്യോഗികമായി പങ്ക് വെച്ചിരുന്നു.
നാഷണൽ ഇക്കണോമിക് രജിസ്റ്ററിന്റെ കണക്കുകൾ പ്രകാരം പൊതു വ്യാപാര സ്ഥാപനങ്ങൾക്കായി 120 ലൈസൻസുകളും, പ്രോജക്ട് മാനേജ്‌മെന്റ് സേവനങ്ങൾക്കായി 115 ലൈസൻസുകളും, കെട്ടിടങ്ങളുടെ പെയിന്റിംഗ് സേവനങ്ങൾക്കായി 97-ഓളം ലൈസൻസുകളും മെയ് മാസത്തിൽ അനുവദിച്ചിട്ടുണ്ട്.
മെയ് മാസത്തിൽ ആകെ 764 വാണിജ്യ ലൈസൻസുകളാണ് രാജ്യത്തുടനീളം അനുവദിച്ചത്. ഇ-കൊമേഴ്‌സ് സേവനങ്ങളുടെ ആവശ്യകത ഏറിവരുന്നതിനാൽ, ഈ മേഖലയിൽ ഉൾപ്പടെ കൂടുതൽ വാണിജ്യ സംരംഭങ്ങൾ രാജ്യത്ത് വരും മാസങ്ങളിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.