യു എ ഇ: കോഴി ഉത്പന്നങ്ങളുടെയും, മുട്ടയുടെയും വിലയിൽ വർദ്ധനവ്

GCC News

രാജ്യത്ത് കോഴി ഉത്പന്നങ്ങളുടെയും, മുട്ടയുടെയും വില താത്‌കാലികമായി വർധിപ്പിക്കാൻ തീരുമാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി അറിയിച്ചു. 2023 മാർച്ച് 18-ന് രാത്രി എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ ഫെഡറൽ നിയമം ’15/ 2020′ അനുശാസിക്കുന്ന വ്യവസ്ഥകൾ പ്രകാരമാണ് ഈ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാനുള്ള തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. കോഴി ഉത്പന്നങ്ങളുടെയും, മുട്ടയുടെയും ഉത്പാദനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇവയുടെ വിലയിൽ വർദ്ധനവ് വരുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇത്തരം ഉത്പന്നങ്ങളുടെ വിലയിൽ പരമാവധി 13 ശതമാനം വരെ വർദ്ധനവ് വരുത്തുന്നതിനാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ഈ തീരുമാനം താത്‌കാലികമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കോഴി ഉത്പന്നങ്ങളുടെയും, മുട്ടയുടെയും വില വർധിപ്പിക്കാനുള്ള തീരുമാനം ആറ് മാസത്തിന് ശേഷം പുനഃപരിശോധിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

WAM