യു എ ഇ: ഏതാനം വാണിജ്യ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള സംവിധാനങ്ങളിൽ രജിസ്‌ട്രേഷൻ നിർബന്ധം

UAE

രാജ്യത്തെ ഏതാനം പ്രവർത്തനമേഖലകളിലുള്ള വാണിജ്യ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള സംവിധാനങ്ങളിൽ 2021 മാർച്ച് 31-ന് മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി (MoE) അറിയിച്ചു. ഇത്തരത്തിൽ രജിസ്‌ട്രേഷൻ ആവശ്യമായിട്ടുള്ള വാണിജ്യ പ്രവർത്തനങ്ങളുടെ പട്ടിക MoE പുറത്ത് വിട്ടിട്ടുണ്ട്.

https://twitter.com/Economyae/status/1369708030359707656

മാർച്ച് 10-ന് രാത്രിയാണ് MoE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, സ്വർണ്ണവ്യാപാരികൾ, ഓഡിറ്റർമാർ മുതലായവർ ഇത്തരം രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

ഇത്തരം സ്ഥാപനങ്ങൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (goAML), കമ്മിറ്റി ഫോർ കമ്മോഡിറ്റീസ് സബ്ജക്‌ട് ടു ഇമ്പോർട്ട് ആൻഡ് എക്സ്പോർട്ട് കൺട്രോൾ സിസ്റ്റം എന്നിവയിലെ രജിസ്‌ട്രേഷനാണ് പൂർത്തിയാക്കേണ്ടത്. https://www.economy.gov.ae/English/aml/pages/goaml-registration.aspx എന്ന വിലാസത്തിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

റിയൽ എസ്റ്റേറ്റ് ഏജൻസി, വജ്രവ്യാപാരം, സ്വർണ്ണവ്യാപാരം, സ്ഥാപനങ്ങൾക്ക് ഓഡിറ്റ്, അക്കൗണ്ടിംഗ് സേവനങ്ങൾ നൽകുന്ന വ്യക്തികൾ, കമ്പനികൾ സ്ഥാപിക്കുന്നതും, പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർ എന്നീ വിഭാഗങ്ങൾക്ക് ഈ നിയമം ബാധകമാകുന്നതാണ്. നിയമ നടപടികൾ ഒഴിവാക്കുന്നതിനായി മാർച്ച് 31-ന് മുൻപായി ഇത്തരം സ്ഥാപനങ്ങൾ ഈ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. അധികൃതർ ഇത്തരം നടപടികൾ പൂർത്തിയാക്കുന്നതിനായി മാർച്ച് 31 വരെ അധിക സമയം അനുവദിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും, സ്ഥാപനം അടച്ച് പൂട്ടുന്നതിനും സാധ്യതയുണ്ട്.

രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദപ്രവർത്തനങ്ങൾക്ക് ധനം സമാഹരിക്കുന്നതിന് തടയിടുന്നതിനുമായാണ് അധികൃതർ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കള്ളപ്പണ ഇടപാടുകൾക്കെതിരെ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യം അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളിലെ ലംഘനങ്ങൾക്ക് 50000 മുതൽ 5 ദശലക്ഷം ദിർഹം വരെ പിഴ ലഭിക്കാവുന്നതാണ്.