എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 113 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലനടപടികൾക്ക് ശുപാർശ ചെയ്‌തതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. 2023 നവംബർ 29-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിൽ 98 സ്വകാര്യ സ്ഥാപനങ്ങൾ എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി എമിറാത്തി ജീവനക്കാരെ നിയമിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കിയതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മറ്റു പതിനഞ്ച് സ്ഥാപനങ്ങൾ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ ഒഴിവാക്കുന്നതിനായുള്ള നിയമപരമല്ലാത്ത കാര്യങ്ങൾ പ്രവർത്തിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി.
ഇതോടെ 2022 രണ്ടാം പകുതി മുതൽ ഇതുവരെ എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 894 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ ഇതുവരെ ആകെ 1267 എമിറാത്തി ജീവനക്കാരെ നിയമിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കിയതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതായി കണ്ടെത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എമിറാത്തികളെ നിയമിച്ചതായി വ്യാജ രേഖകൾ നിർമ്മിച്ച കമ്പനികൾക്കെതിരെ, ഇത്തരത്തിൽ വ്യാജമായി നിയമിക്കപ്പെട്ടതായി രേഖകൾ നിർമ്മിച്ചിട്ടുള്ള, ഓരോ എമിറാത്തി ജീവനക്കാരനും 20000 ദിർഹം മുതൽ പിഴ ചുമത്തുന്നതാണ്.
എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച ഇത്തരം സ്ഥാപനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളെ തരം തിരിക്കുന്ന പട്ടികയിലെ ഏറ്റവും താഴെയുള്ള വിഭാഗത്തിലേക്ക് തരംതാഴ്ത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
WAM