യു എ ഇ: രാജ്യത്ത് ലഭ്യമായിട്ടുള്ള COVID-19 ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് പുറത്തിറക്കി

UAE

യു എ ഇയിലെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള COVID-19 ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് പുറത്തിറക്കി. 2022 ജനുവരി 5-ന് വൈകീട്ടാണ് NCEMA ഈ അറിയിപ്പ് നൽകിയത്.

രാജ്യത്ത് COVID-19 വാക്സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാക്കിയ പ്രവാസികളും, പൗരന്മാരും ഉൾപ്പടെ മുഴുവൻ പേരും കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ NCEMA ആഹ്വാനം ചെയ്തു. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളെ ചെറുക്കുന്നതിൽ ബൂസ്റ്റർ ഡോസ് വാക്സിനുകൾ ഫലപ്രദമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.

NCEMA അറിയിപ്പ് പ്രകാരം യു എ ഇയിൽ താഴെ പറയുന്ന COVID-19 വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ലഭ്യമാണ്:

  • സിനോഫാം – വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവരും, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരുമായവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മറ്റുള്ളവർക്ക് ആറ് മാസത്തെ ഇടവേളയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ സിനോഫാം വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം വാക്‌സിനോ, മറ്റൊരു വാക്‌സിനോ സ്വീകരിക്കാവുന്നതാണ്.
  • ഫൈസർ ബയോഎൻടെക് – പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വ്യക്തികൾക്കും രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ആറ് മാസത്തെ ഇടവേളയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ ഫൈസർ വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ തന്നെയാണ് നൽകുന്നത്.
  • സ്പുട്നിക് V – പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വ്യക്തികൾക്കും രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ആറ് മാസത്തെ ഇടവേളയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ ഫൈസർ വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ബൂസ്റ്റർ ഡോസായി സ്പുട്നിക് V വാക്‌സിനോ, മറ്റൊരു വാക്‌സിനോ സ്വീകരിക്കാവുന്നതാണ്.

മറ്റു വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ബൂസ്റ്റർ ഡോസ് സംബന്ധമായ ഉപദേശങ്ങൾക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം സന്ദർശിക്കാവുന്നതാണെന്നും NCEMA അറിയിച്ചിട്ടുണ്ട്.