രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരോട് COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു. രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയ ഈ പ്രായവിഭാഗത്തിൽപ്പെടുന്നവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് NCEMA അറിയിച്ചു.
ഇവർക്ക് തൊട്ടരികിലുള്ള വാക്സിനേഷൻ സെന്ററുകളിൽ നിന്ന് കുത്തിവെപ്പ് ലഭ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ബൂസ്റ്റർ ഡോസ്, രോഗബാധ ഒഴിവാക്കുന്നതിനൊപ്പം, രോഗബാധിതരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഏറെ സഹായകമെന്നും NCEMA വ്യക്തമാക്കി. COVID-19 വൈറസ് വകഭേദങ്ങളെ ചെറുക്കുന്നതിൽ ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
നിലവിൽ രാജ്യത്ത് COVID-19 രോഗബാധ ഉയരുന്നുണ്ടെങ്കിലും ആശുപത്രി ചികിത്സ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം വളരെ കുറവാണെന്ന് NCEMA-യുടെ പത്രസമ്മേളനത്തിൽ യു എ ഇ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക പ്രതിനിധി ഡോ. നൗറ അൽ ഖൈത്തി വ്യക്തമാക്കി. നിലവിലെ സാഹചര്യം യു എ ഇയിലെ ആരോഗ്യ മേഖല സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായി അവർ കൂട്ടിച്ചേർത്തു.