സൗദി: റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം 6 ദശലക്ഷം പിന്നിട്ടു

Saudi Arabia

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 6 ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2021 ഡിസംബർ 22-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സന്ദർശകർക്ക് സൗജന്യമായി പ്രവേശിക്കാവുന്ന വിവിധ മേഖലകളിലെല്ലാം സന്ദർശകരുടെ വലിയ തിരക്ക് പ്രകടമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട ചെയ്തു.

Source: Saudi Press Agency.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നാണ് റിയാദ് സീസൺ. ഏതാണ്ട് 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്. സമാൻ വില്ലേജ്, അൽ സലാം ട്രീ, നബ്ദ് അൽ റിയാദ് തുടങ്ങിയ ഇത്തരത്തിലുള്ള വിവിധ മേഖലകൾ റിയാദ് സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്ന 14 വിനോദമേഖലകളിൽ പ്രധാനമാണ്.

Source: Saudi Press Agency.

നബ്ദ് അൽ റിയാദ് 2021 നവംബറിലാണ് സന്ദർശകർക്ക് തുറന്ന് കൊടുത്തത്. സൗദിയുടെ വിവിധ മേഖലകളുടെ ചരിത്രം, സംസ്കാരം എന്നിവ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന നബ്ദ് അൽ റിയാദ് വിവിധ മേഖലകളിലെ സംഗീത പരിപാടികൾ, ഭക്ഷണവിഭവങ്ങൾ, വസ്ത്രവൈവിധ്യങ്ങൾ എന്നിവ അടുത്തറിയുന്നതിനും അവസരമൊരുക്കുന്നു.

ഇത്തവണത്തെ റിയാദ് സീസൺ 2022 മാർച്ച് വരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്. 2021 ഒക്ടോബർ 20-ന് തുർക്കി അൽ ഷെയ്ഖാണ് ഈ മേള ഉദ്ഘാടനം ചെയ്തത്. ഉദ്‌ഘാടന ചടങ്ങുകളുടെ ഭാഗമായി ഗംഭീരമായ പരേഡ്, കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ പ്രദർശനങ്ങൾ, അതിഗംഭീരമായ വെടിക്കെട്ട് മുതലായവ സംഘടിപ്പിച്ചിരുന്നു. 7500-ത്തോളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നത്.