യു എ ഇ: കുട്ടികളെ അവഗണിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

UAE

കുട്ടികളെ അവഗണിക്കുന്ന രക്ഷകർത്താക്കളെ നിയമപ്രകാരം ശിക്ഷിക്കാനാവുമെന്ന്, ഇത് സംബന്ധിച്ചുള്ള ശിക്ഷയും നിയമവും വിശദീകരിച്ച് കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മെയ് 30-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് 5000 ദിർഹത്തിൽ കുറയാത്ത പിഴ, തടവ് ശിക്ഷ എന്നിവ ലഭിക്കാമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട യു എ ഇ ഫെഡറൽ നിയമം 3/ 2016-നു കീഴിൽ വരുന്ന ആർട്ടിക്കിൾ 35, 60 എന്നിവ അനുസരിച്ച് കുട്ടികളുടെ ഉത്തരവാദിത്വമുള്ള രക്ഷകർത്താക്കൾക്ക് അവരെ അവഗണിക്കാനോ, തള്ളിക്കളയാനോ, ഭവനരഹിതരാക്കാനോ, വിദ്യാഭ്യാസം നിരസിക്കാനോ കഴിയില്ലെന്നും, അവരുടെ കാര്യങ്ങളിൽ മേൽനോട്ടമോ, നിരീക്ഷണമോ ഇല്ലാതെ പ്രവർത്തിക്കാൻ അനുവാദമില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും, അവരുടെ കാര്യങ്ങൾ നിർവഹിക്കുന്നതും രക്ഷകർത്താക്കളുടെ ഉത്തരവാദിത്വമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർക്കാതിരിക്കുന്നതിനോ, തക്കതായ കാരണങ്ങളില്ലാതെ അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനോ രക്ഷകർത്താക്കൾക്ക് അവകാശമില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. കുട്ടികളെ വളർത്തുന്നതിനും, പരിപാലിക്കുന്നതിനുമുള്ള നിയമപരമായ ചുമതല രക്ഷകർത്താക്കളിൽ നിക്ഷിപ്തമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പൊതുസമൂഹത്തിൽ രാജ്യത്തെ നിയമങ്ങൾ സംബന്ധിച്ചുള്ള അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.