അബുദാബി: COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ

UAE

COVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിപ്പ് പുറത്തിറക്കി. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുമായി ചേർന്ന് സംയുക്തമായാണ് DoH പൊതുസമൂഹത്തെ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്. മുഴുവൻ സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി ഇത്തരം ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കാൻ DoH ജനങ്ങളോട് ആവശ്യപ്പെട്ടു.

അബുദാബിയിൽ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ:

  • ഇത്തരത്തിൽ സമ്പർക്കത്തിനിടയായവർ വാക്സിൻ കുത്തിവെപ്പെടുത്ത വ്യക്തികളാണെങ്കിൽ അവർ അഞ്ച് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ്. നാലാം ദിനത്തിൽ ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ അഞ്ചാം ദിനം ഇവർക്ക് ക്വാറന്റീൻ റിസ്റ്റ് ബാൻഡ് ഒഴിവാക്കാവുന്നതാണ്.
  • വാക്സിൻ എടുക്കാത്തവർ പത്ത് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ്. എട്ടാം ദിനത്തിൽ ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ പത്താം ദിനം ഇവർക്ക് ക്വാറന്റീൻ റിസ്റ്റ് ബാൻഡ് ഒഴിവാക്കാവുന്നതാണ്.

ഹോം ക്വാറന്റീനിൽ തുടരുന്നവർക്ക് താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി വാക്-ഇൻ PCR ടെസ്റ്റ് നടത്താവുന്നതും, റിസ്റ്റ് ബാൻഡ് ഊരിമാറ്റാനുള്ള സേവനം ലഭിക്കുന്നതുമാണ്:

  • മിന സയ്ദ് സെന്റർ, അബുദാബി.
  • അൽ ഐൻ കൺവെൻഷൻ സെന്റർ.
  • അൽ ദഫ്‌റ ഹോസ്പിറ്റൽ.