രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, മറ്റു സ്ഥാപനങ്ങളിലോ ഒരു വിദ്യാർത്ഥിക്കോ, മറ്റുള്ളവർക്കോ COVID-19 പോലുള്ള പകർച്ചവ്യാധിയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ, അത്തരം സ്ഥാപനങ്ങളോ മറ്റേതെങ്കിലും സംഘടനകളോ പാലിക്കേണ്ട ബാധ്യതകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് നൽകിയത്.
സാംക്രമിക രോഗങ്ങൾ തടയുന്നത് സംബന്ധിച്ചുള്ള 2014 ലെ ഫെഡറൽ നിയമ നമ്പർ (14) ലെ ആർട്ടിക്കിൾ (12) പ്രകാരം, വിദ്യാർത്ഥികളിലോ ജീവനക്കാരിലോ COVID-19 പോലുള്ള ഒരു സാംക്രമിക രോഗം ബാധിച്ചിട്ടുണ്ടെങ്കിലോ, ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിലോ ആ സ്ഥാപനത്തിന്റെ ഡയറക്ടർ സംശയാസ്പദമായ വ്യക്തിയെ പരിശോധനയ്ക്കായി ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറിലേക്ക് റഫർ ചെയ്യുകയും ആ വ്യക്തിയുടെ രോഗത്തിന്റെ സ്വഭാവം ഉൾപ്പെടെയുള്ള ഒരു റിപ്പോർട്ട് ഫയൽ ചെയ്യുകയും വേണം. വ്യക്തിക്ക് ഈ രോഗം ഉണ്ടെന്ന് തെളിഞ്ഞാൽ ഡയറക്ടർ ഉടൻ തന്നെ മന്ത്രാലയത്തിനെയോ ആരോഗ്യ അതോറിറ്റിയെയോ ഇക്കാര്യം അറിയിക്കുകയും രോഗം പടരാതിരിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും വേണം.
”വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ, മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ ഡയറക്ടർമാർ രോഗബാധിതനായ വ്യക്തിയെയും അയാളുടെ കോൺടാക്റ്റുകളെയും ഐസലേറ്റ് ചെയ്യണം. അവരെ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത് തടയുകയോ അല്ലെങ്കിൽ അവരെ തടയുന്ന മറ്റേതെങ്കിലും മാർഗം ഉപയോഗിക്കുകയോ ചെയ്ത് അവരെ ക്വാറന്റൈനിലാക്കണം. നിയമം സൂചിപ്പിക്കുന്ന കാലഘട്ടങ്ങളിൽ അല്ലെങ്കിൽ മന്ത്രാലയമോ ആരോഗ്യ അതോറിറ്റിയോ നിർണ്ണയിക്കുന്ന കാലയളവിൽ അവർ മറ്റുള്ളവരുമായി സമ്പർക്കത്തിനിടയാകുന്നത് തടയേണ്ടതാണ്.”, ഈ നിയമം അനുശാസിക്കുന്നു.
സാംക്രമിക രോഗം ബാധിച്ച വ്യക്തിയെ സ്ഥാപനത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച എല്ലാ നിബന്ധനകളും നിറവേറ്റിക്കൊണ്ട് മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ, മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ ഡയറക്ടർ നടപടികൾ കൈക്കൊള്ളാവൂ.
WAM