യു എ ഇ: ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ ഒരു ക്രിമിനൽ ഇൻഫർമേഷൻ സംവിധാനം ആരംഭിച്ചു

featured UAE

രാജ്യത്തെ പൊതുസമൂഹത്തിനിടയിൽ നിയമ സാക്ഷരത വർദ്ധിപ്പിക്കുന്നതിനും, ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പുതിയ ക്രിമിനൽ ഇൻഫർമേഷൻ സംവിധാനം ആരംഭിച്ചു. ‘Waey’ എന്ന പേരിലാണ് ഈ ക്രിമിനൽ ഇൻഫർമേഷൻ സെന്റർ ആരംഭിച്ചിരിക്കുന്നത്.

പൊതുസമൂഹത്തിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും സഹിഷ്ണുതയുടെ ഒരു സംസ്കാരം പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മാധ്യമ അവബോധം, നിയമപരമായ മാർഗ്ഗനിർദ്ദേശം, കമ്മ്യൂണിറ്റി ഔട്ട്റീച്ച് എന്നിവയുൾപ്പെടെ വിവിധ സംരംഭങ്ങൾക്കും, പരിപാടികൾക്കും ഈ കേന്ദ്രം രൂപം നൽകുന്നതാണ്.

എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങളെ സ്വാധീനിച്ചേക്കാവുന്ന നിഷേധാത്മകമായ സാമൂഹിക പെരുമാറ്റങ്ങളെയും പ്രതിഭാസങ്ങളെയും നിരീക്ഷിക്കുകയും അവയുടെ അപകടങ്ങളെയും പ്രതികൂല ഫലങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനുള്ള കാമ്പെയ്‌നുകൾ ആരംഭിക്കുകയും ചെയ്യുന്നതും ഈ സംവിധാനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലൂടെ തങ്ങളുടെ സന്ദേശം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും, പ്രത്യേകിച്ച് യുവജനങ്ങളിലേക്കും എത്തുന്നുവെന്ന് ഈ കേന്ദ്രം ഉറപ്പ്‌ വരുത്തുന്നതാണ്.

WAM