കൈക്കൂലിയുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ബോധവത്കരണ സന്ദേശം പുറത്തിറക്കി

UAE

കൈക്കൂലിയുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികളെക്കുറിച്ചുള്ള ഒരു ബോധവത്കരണ ദൃശ്യ സന്ദേശം യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കി. പൊതു സമൂഹത്തിൽ രാജ്യത്തെ നിയമങ്ങളുമായി ബന്ധപ്പെട്ട അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം ഒരു സന്ദേശം പുറത്തിറക്കിയത്.

ഏപ്രിൽ 6-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ സർക്കാർ ജീവനക്കാർക്കോ, മറ്റുള്ളവർക്കോ അർഹമല്ലാത്തതായ പാരിതോഷികങ്ങളോ, മറ്റു ആനുകൂല്യങ്ങളോ, നേരിട്ടോ, അല്ലാതെയോ വാഗ്ദാനം ചെയ്യുന്നതും, നൽകുന്നതും, നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഈ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

തങ്ങളുടെ പ്രവർത്തനമേഖലയിൽ വഴിവിട്ട പ്രവർത്തനങ്ങൾ, സേവനങ്ങൾ എന്നിവ നൽകുന്നതിനായോ, നിയമപരമായി കൈക്കൊള്ളേണ്ടതായ നടപടികൾ ഒഴിവാക്കുന്നതിനായോ, പൊതു സേവന രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർ, മറ്റുള്ളവർ എന്നിവർ തങ്ങൾക്ക് വേണ്ടിയോ, മറ്റുള്ളവർക്ക് വേണ്ടിയോ അർഹമല്ലാത്തതായ പാരിതോഷികങ്ങളോ, മറ്റു ആനുകൂല്യങ്ങളോ ആവശ്യപ്പെടുന്നതും, ഇത്തരം പാരിതോഷികങ്ങളോ, ആനുകൂല്യങ്ങളോ കൈപറ്റുന്നതും യു എ ഇ ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 237 പ്രകാരം പരമാവധി അഞ്ച് വർഷം തടവ് ലഭിക്കാവുന്ന പ്രവർത്തനമായി കണക്കാക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കൈക്കൂലി ആവശ്യപ്പെട്ടു കൊണ്ടോ, കൈക്കൂലി വാഗ്ദാനം ചെയ്ത് കൊണ്ടോ ഇത്തരം നിയമം ലംഘിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് മദ്ധ്യസ്ഥത വഹിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കുന്നതാണ്.