പ്രായപൂർത്തിയാകാത്തവരുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കും, ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും സമാഹരിക്കുന്നവർക്കും, പ്രചരിപ്പിക്കുന്നവർക്കുമെതിരെ കനത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് ചുരുങ്ങിയത് ആറ് മാസം വരെ തടവും, പരമാവധി ഒരു ദശലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.
പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അശ്ലീലദൃശ്യങ്ങൾ, സാമൂഹിക സദാചാര ബോധങ്ങൾക്കെതിരെ നിൽക്കുന്ന ദൃശങ്ങൾ, വീഡിയോ, സന്ദേശങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ നിർമ്മിക്കുക, പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, പ്രദർശിപ്പിക്കുക, കൈവശം സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തികളെല്ലാം ഈ ശിക്ഷയുടെ പരിധിയിൽ വരുന്നതാണ്. ഇത്തരം പ്രവർത്തികൾക്കായി ഏതൊരു തരത്തിലുള്ള ആശയവിനിമയ മാർഗങ്ങൾ (സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെ) ഉപയോഗിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കുന്നതാണ്.
രാജ്യത്ത് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 1, 36 എന്നിവ പ്രകാരം, ഇത്തരം പ്രവർത്തികൾക്ക് ശിക്ഷിക്കപ്പെടുന്നവർക്ക് ചുരുങ്ങിയത് ആറ് മാസം വരെ തടവും, ഒന്നരലക്ഷം ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കുന്നതാണ്.