രാജ്യത്ത് സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2022 നവംബർ 13-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്.
സംഘടിത ഭിക്ഷാടന കുറ്റകൃത്യത്തിനുള്ള ശിക്ഷകൾ വിശദമാക്കിക്കൊണ്ട് പബ്ലിക് പ്രോസിക്യൂഷൻ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഒരു പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.
2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 476 പ്രകാരം, രണ്ടോ, അതിലധികമോ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഭിക്ഷാടനം കുറ്റകൃത്യമാണെന്നും, ഈ സംഘടിത കുറ്റകൃത്യം കൈകാര്യം ചെയ്യുന്നയാൾക്ക് ഏറ്റവും കുറഞ്ഞത് ആറ് മാസത്തെ തടവ് ശിക്ഷയും, കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഭിക്ഷാടനത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുന്നവർക്കും, ഇതിനായി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ആളുകളെ കൊണ്ട് വരുന്നവർക്കും ഇതേ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.